കാസർകോട്: രാഷ്‌ട്രീയ കോളിളക്കം സൃഷ്‌ടിച്ച മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപെടെ ആറുപേരെ പ്രതിചേർത്താണ് ക്രൈംജില്ല സെഷൻസ് കോടതിയിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. കെ.സുരേന്ദ്രനാണ് ഒന്നാം പ്രതി.
പ്രതികൾക്കെതിരെ പട്ടിക ജാതി/പട്ടിക വർഗ അതിക്രമം തടയൽ, തെളിവ് നശിപ്പിക്കൽ, അന്യായമായി തടങ്കലിൽ വയ്‌ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ച് 18 മാസത്തിന് ശേഷമാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. കെ.സുരേന്ദ്രന് പുറമെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായക്, ബിജെപി മുന്‍ ജില്ല പ്രസിഡന്‍റ് അഡ്വ. കെ. ബാലകൃഷ്‌ണഷെട്ടി, പ്രാദേശിക നേതാക്കളായ സുരേഷ് നായക്, കെ. മണികണ്ഠറൈ, ലോകേഷ് നോഡ തുടങ്ങിയവരാണ് കേസിലെ പ്രതികൾ.
കേസിൽ 115 സാക്ഷികളാണ് ഉള്ളത്. മൊബൈൽ ഫോൺ വാങ്ങിയതിന്‍റെയും പത്രിക പിൻവലിക്കാൻ പോകുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങൾ അടക്കം നിരവധി ഡിജിറ്റല്‍ രേഖകള്‍ തെളിവായിട്ടുണ്ട്. ഭീഷണിപ്പെടുത്തൽ(506-ാം വകുപ്പ് ), തടങ്കൽ വയ്‌ക്കൽ(342-ാം വകുപ്പ്), പട്ടിക ജാതി പട്ടിക വർഗ അതിക്രമം തടയൽ, തെളിവ് നശിപ്പിക്കൽ, ഇന്ത്യൻ ശിക്ഷ നിയമം 171 ബി, ഇ(കൈക്കൂലി നൽക്കൽ) തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
കെ.സുരേന്ദ്രനെതിരെ പട്ടികജാതി/പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പ് കൂടി ചേര്‍ത്ത് ക്രൈംബ്രാഞ്ച് നേരത്തെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിഎസ്‌പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയ്‌ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനായി രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാണ് കേസ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി രമേശന്‍ നല്‍കിയ പരാതിയില്‍ ലോക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
കുറ്റപത്രം വൈകുന്നതിൽ സർക്കാരും ബിജെപിയും തമ്മിൽ ഒത്തുകളി ആരോപണവും ഉയർന്നിരുന്നു.