കാസർകോട്: കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ കാസർകോട് ജില്ല സമ്മേളനം വെട്ടിചുരുക്കി സി.പി.എം.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ജില്ല സമ്മേളനം ഇന്ന് അവസാനിക്കും. കൊവിഡ് പടരുന്ന സാഹചര്യത്തിൽ ജില്ല സമ്മേളനം നടത്തുന്നതിൽ വലിയ വിമർശനം ഉയർന്നിരുന്നു. പൊതുയോഗത്തിന് വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് കലക്‌ടർ ഉത്തരവ് പിൻവലിച്ചതും വിവാദത്തിന് വഴിവെച്ചു.
കാസർകോട് ജില്ലയില്‍ 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന യോഗങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിട്ട പശ്ചാത്തലത്തിലാണ് സിപിഎം തീരുമാനം. കാസർകോട് ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ നിർദേശിച്ച് ഇറക്കിയ കലക്‌ടറുടെ ഉത്തരവ് പിൻവലിച്ചത് ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടക്കാല ഉത്തരവിറക്കിയത്. സമ്മേളനങ്ങളിൽ 50ൽ കൂടുതൽ പേർ പങ്കെടുക്കുന്നില്ലെന്ന് കലക്‌ടർ ഉറപ്പാക്കണമെന്നും കോടതി നിർദേശം നൽകി.
സി.പി.എം കാസർകോട് ജില്ല സെക്രട്ടറിയെയും സംസ്ഥാന സർക്കാരിനെയും എതിർകക്ഷിയാക്കിയാണ് ഹർജി സമർപ്പിച്ചത്. സി.പി.എം നേതാക്കളുടെ സമ്മർദത്തെ തുടർന്നാണ് കലക്‌ടർ ഉത്തരവ് പിൻവലിച്ചത് എന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. കാസര്‍കോട് ആശുപത്രിയിലുള്ളവരുടെ എണ്ണം 36 ശതമാനം ആണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറഞ്ഞു.
ALSO READ: കത്തിപ്പടർന്ന് കൊവിഡ്, പൊടിപൊടിച്ച് സിപിഎം ജില്ല സമ്മേളനങ്ങള്‍: പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം
ഇന്ന് രാത്രി 10.30നാണ് സമ്മേളനം അവസാനിക്കുക. തുടർന്ന് നേതാക്കളുടെ വാർത്തസമ്മേളനവും വിളിച്ചു ചേർത്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് സമ്മേളനം ആരംഭിച്ചത്. സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലയിൽ കൊവിഡ് കുതിച്ചുയർന്ന സാഹചര്യത്തിൽ എല്ലാ പരിപാടികളും വിലക്കി കലക്‌ടറുടെ ഉത്തരവിറങ്ങിയിട്ടും സി.പി.എം ജില്ലാ സമ്മേളനം മാറ്റിയിരുന്നില്ല. ഞായറാഴ്ച വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്.
അതേസമയം കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേക്ക് 50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന യോഗങ്ങൾ നടത്തരുതെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് കർശനമായി പാലിക്കണമെന്ന് ജില്ല കലക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചിട്ടുണ്ട്.