കാസർകോട്: കേരളത്തില്‍ ഏറ്റവും കൂടുതൽ കൊവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കാസർകോട് ജില്ലയില്‍ സാമ്പിൾ പരിശോധനയ്ക്ക് അനുമതിയായി. പെരിയ കേന്ദ്ര സർവകലാശാലയിലെ മൈക്രോ ബയോളജി ലാബിൽ സാമ്പിൾ പരിശോധന നടത്തുന്നതിന് ഐ.സി.എം.ആർ അനുമതി നൽകി. ഇതോടെ ജില്ലയിൽ നിന്നും എടുക്കുന്ന സാമ്പിളുകളുടെ ഫലങ്ങൾ വേഗത്തിൽ അറിയാൻ സാധിക്കും. കേന്ദ്ര സർവകലാശാലയിലെ ലാബ് സൗകര്യം ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് നേരത്തെ ചർച്ചകൾ നടന്നിരുന്നു. സർക്കാർ നിർദേശ പ്രകാരം അതിന്‍റെ നടപടിക്രമങ്ങളും വേഗത്തിലാക്കി. ക്വാളിറ്റി ചെക്കിങ് വിജയകരമായി പൂർത്തിയാക്കിയതോടെയാണ് ലാബിൽ കൊവിഡ്19 സാമ്പിൾ പരിശോധിക്കാൻ ഐ.സി.എം.ആറിന്‍റെ അനുമതി ലഭിച്ചത്. ഇനി ഐ.സി.എം.ആർ നിർദേശിക്കുന്ന ലാബ് റിയാജന്‍റ് അടക്കമുള്ള കിറ്റുകൾ കൂടി എത്തിയാൽ സർവകലാശാലയിലെ ലാബിൽ ലക്ഷണമുള്ളവരുടെ സാമ്പിൾ പരിശോധന ആരംഭിക്കും. ഒപ്പം സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കേണ്ടതുണ്ട്.
സർവകലാശാല ലാബിലെ പി.സി.ആർ മെഷീനുകൾക്ക് പുറമെ കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് റാപ്പിഡ് ടെസ്റ്റ് പി.സി.ആർ മെഷീനുകളും ഇവിടെ എത്തിച്ചിരുന്നു. നിലവിൽ ജില്ലക്ക് പുറത്തുള്ള ലാബുകളിൽ ആണ് സാമ്പിൾ പരിശോധനകൾ നടക്കുന്നത്. ഇത് പരിശോധനാ ഫലങ്ങൾ വൈകുന്നതിന് ഇടയാക്കുന്നുണ്ട്. സംസ്ഥാനത്തു തന്നെ ദിവസവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ജില്ലയിൽ തന്നെ പരിശോധന കേന്ദ്രം വേണം എന്ന ആവശ്യമുയർന്നത്. കേന്ദ്ര സർവകാലശാല ലാബ് പ്രവർത്തനം തുടങ്ങിയാൽ 24 മണിക്കൂറിൽ 200 ഓളം സാമ്പിളുകളുടെ ഫലമറിയാനാകും.