കാസർകോട്: ഞായറാഴ്ച ഒരാൾ കൂടി കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഉണ്ടായിരുന്നയാളാണ് രോഗ മുക്തനായത്. ജില്ലയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 171 പേരാണ് രോഗവിമുക്തരായിരിക്കുന്നത്.
കാസർകോട് ആറ് പേർ മാത്രമാണ് ഇനി കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നത്. നിലവിൽ വീടുകളിൽ 1604പേരും ആശുപത്രികളിൽ 29 പേരുമാണ് നിരീക്ഷണത്തിൽ ഉള്ളത്. തുടർ പരിശോധനക്കയച്ചതുൾപ്പെടെ 4808 സാമ്പിളുകളിൽ 449 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഞായറാഴ്‌ച പുതിയതായി ആറ് പേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. 316പേർ ഇന്ന് നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു. അതേസമയം ജില്ലയിലെ ഹോട്ട്സ്‌പോട്ടുകളിലും മാറ്റം വന്നിട്ടുണ്ട്. കാസർകോട് നഗരസഭ, ചെങ്കള, ചെമ്മനാട്, മുളിയാർ, മൊഗ്രാൽ-പുത്തൂർ, അജാനൂർ, ഉദുമ ഗ്രാമ പഞ്ചായത്തുകളാണ് നിലവിലെ ഹോട്ട്‌സ്‌പോട്ടുകള്‍. ഇവിടങ്ങളിൽ മേയ് നാല് മുതൽ പ്രഖ്യാപിച്ച ഇളവുകൾ ഒന്നും തന്നെ ബാധകമല്ലെന്ന് ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു. മറ്റിടങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയാവും ഇളവുകൾ.