കാസര്‍കോട്: ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒമ്പത് പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണ്. സൗദിയില്‍ നിന്ന് വന്ന മഞ്ചേശ്വരം സ്വദേശിനി, അവരുടെ പേരക്കുട്ടിയായ ഒരു വയസുകാരൻ, കുവൈത്തില്‍ നിന്ന് വന്ന കാഞ്ഞങ്ങാട് സ്വദേശി, ഒമാനില്‍ നിന്നു വന്ന പള്ളിക്കര സ്വദേശി എന്നിവര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്.
ഉദയഗിരി സിഎഫ്എല്‍ടിസിയില്‍ നിന്ന് രോഗമുക്തി നേടിയ പള്ളിക്കര, ഉദുമ, കാറഡുക്ക (രണ്ട്) ചെമ്മനാട് സ്വദേശികളും കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മീഞ്ച, മംഗല്‍പാടി സ്വദേശികളും അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് കിനാനൂര്‍ കരിന്തളം, കാഞ്ഞങ്ങാട് നഗരസഭാ സ്വദേശികളാണ് രോഗമുക്തരായത്. വീടുകളില്‍ 6513 പേരും സ്ഥാപനങ്ങളില്‍ 315 പേരുമുള്‍പ്പെടെ 6828 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതിയതായി 353 പേരെ നീരിക്ഷണത്തിലാക്കി. സെന്‍റിനല്‍ സര്‍വ്വെ അടക്കം 498 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കയച്ചു. 818 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 562 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.