കാസര്‍കോട്: കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ജാഗ്രതാ പരിശോധന ശക്തമാക്കി. കാസര്‍കോട് ഡിവൈഎസ്‌പി പി.ബാലകൃഷ്‌ണന്‍റെ നേതൃത്വത്തിലാണ് പൊലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് വിവിധ ടീമുകളായി തിരിഞ്ഞ് പരിശോധന നടത്തിയത്. ജില്ലയില്‍ വാഹന പരിശോധനയും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് റെയില്‍വെ സ്റ്റേഷനുകളിലെ പരിശോധന. മംഗലാപുരം-കൊയമ്പത്തൂര്‍ ഇന്‍റര്‍സിറ്റി എക്‌സ്പ്രസിലാണ് ആദ്യ പരിശോധന നടത്തിയത്. മുഴുവന്‍ ബോഗികളിലും കയറിയ സംഘം യാത്രക്കാര്‍ക്ക് ബോധവല്‍കരണവും നടത്തി.
കൊവിഡ് സംബന്ധമായ രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ കണ്ടെത്തി വൈദ്യപരിശോധനക്ക് വിധേയമാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. ലക്ഷണങ്ങളോ സംശയമോ തോന്നിയാല്‍ അടുത്ത സ്റ്റേഷനില്‍ ആരോഗ്യ വിഭാഗത്തിന്‍റെ സേവനമെത്തിക്കും. അതേസമയം ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളിലും പ്രധാന ബസ് സ്റ്റാൻഡുകളിലും വിമാനത്താവളങ്ങളുടെ മാതൃകയില്‍ രജിസ്റ്ററുകള്‍ സൂക്ഷിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. കാസര്‍കോട്, കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനുകളില്‍ ഹെല്‍പ് ഡെസ്‌ക് സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഒപ്പം ജില്ലയിലെ റോഡുമാര്‍ഗം അതിര്‍ത്തി കടന്നെത്തുന്നവരെ പരിശോധിക്കാന്‍ തലപ്പാടി, പെര്‍ല അതിര്‍ത്തികളില്‍ വാഹന പരിശോധനയും ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനിടയില്‍ കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ നിന്ന് വന്ന 87ഓളം വിദ്യാര്‍ഥികളെ മംഗലാപുരത്ത് നിന്ന് കെഎസ്‌ആര്‍ടിസി ബസുകളിലായി കേരളത്തിലേക്ക് എത്തിച്ചു. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘത്തിലെ 33 പേര്‍ കണ്ണൂര്‍ സ്വദേശികളാണ്.