കാസര്‍കോട്: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ പൊലീസ് പരിശോധന ശക്തമാക്കി. ജില്ലാ പൊലീസ് മേധാവിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് സാഹചര്യം വിലയിരുത്തുന്നത്. വ്യാപാര സ്ഥാപനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് നില്‍ക്കുന്നതുള്‍പ്പെടെ പൊലീസ് വിലക്കുന്നുണ്ട്. വ്യാപാരികള്‍ മാസ്ക്കും ഗ്ലൗസും ധരിക്കുന്നുണ്ടോയെന്നും പൊലീസ് പരിശോധിച്ചു. നിയമം സംഘിക്കുന്നവരില്‍ നിന്നും പിഴയീടാക്കാനാണ് തീരുമാനം.
പ്രതിദിനം കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ പത്ത് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു ദാമോദരന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. ജില്ലയിലെ മാര്‍ക്കറ്റുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുടങ്ങിയ പൊതുയിടങ്ങള്‍ ദിവസത്തില്‍ ഒരു തവണയെങ്കിലും അണുവിമുക്തമാക്കണമെന്നും തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.