കാസര്‍കോട്: കൊവിഡ് 19 രോഗവ്യാപന പശ്ചാത്തലത്തില്‍ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് തുടങ്ങിയ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്‌ടര്‍ ഡോ.ഡി.സജിത് ബാബു. ജില്ലയിലെ മുഴുവന്‍ കടകളും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ തുറന്നുപ്രവര്‍ത്തിക്കണം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്‌ടര്‍ അറിയിച്ചു.
ബാങ്കുകളെല്ലാം തുറന്നുപ്രവര്‍ത്തിക്കണം. അടുത്ത ഒരാഴ്‌ചത്തേക്ക് ബാങ്കുകള്‍ അടച്ചിടാന്‍ അനുവദിക്കണമെന്ന ബാങ്ക് പ്രതിനിധികളുടെ നിര്‍ദേശം ജില്ലാ കലക്‌ടര്‍ അധ്യക്ഷനായ കൊറോണ കോര്‍ കമ്മിറ്റി യോഗം അംഗീകരിച്ചില്ല. എന്നാല്‍ അടുത്ത രണ്ടാഴ്‌ച പുതുതായി അക്കൗണ്ട് ആരംഭിക്കാന്‍ ആരും ബാങ്കില്‍ പോകരുതെന്ന് യോഗം നിർദേശിച്ചു. ഇതുസംബന്ധിച്ച ബാങ്ക് പ്രതിനിധികളുടെ നിര്‍ദേശം യോഗം അംഗീകരിച്ചു. ബാങ്കിങ് ഇടപാടുകള്‍ പരമാവധി ഡിജിറ്റലായി നടത്തണം. പണമിടപാടുകള്‍ക്ക് എടിഎം, ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളെ ആശ്രയിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്നതുവരെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ സിപിസിആര്‍ഐ, എച്ച്എഎല്‍, ഭെല്‍ എന്നിവ അടക്കുന്നത് സംബന്ധിച്ച് ഇടപെടേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.
പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പിഎച്ച്സികളിലും സിഎച്ച്സികളിലും എഫ്എച്ച്സികളിലും മികച്ച ചികിത്സ ലഭിക്കുന്ന രോഗങ്ങള്‍ക്ക്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി എത്തരുതെന്ന് യോഗം അഭ്യര്‍ഥിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിയും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും സാധാരണ അസുഖങ്ങള്‍ക്ക് ചികിത്സ തേടി കൂടുതല്‍ പേരെത്തുന്നത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് യോഗം വിലയിരുത്തി. കൂടുതല്‍ ആളുകള്‍ എത്തുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബസാറുകള്‍ തുടങ്ങിയിടങ്ങളില്‍ കൈ ശുചീകരിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ഹാന്‍ഡ് വാഷും സാനിറ്ററൈസറും ലഭ്യമാക്കണം. ഇവിടങ്ങളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
സബ് കലക്‌ടറുടെയും ആര്‍ഡിഒയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തന സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ശക്തമാക്കും. വാര്‍ഡുതല ജാഗ്രതാ സമിതി പ്രവര്‍ത്തനവും ശക്തിപ്പെടുത്തും. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പുറത്തുസഞ്ചരിച്ചാൽ, ഈ വിവരം വാര്‍ഡുതല ജാഗ്രതാ സമിതി കൊറോണ കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കണം. ഇവരെ പ്രത്യേകം സജ്ജമാക്കിയ കൊറോണ കണ്‍ട്രോള്‍ സെന്‍ററിലേക്ക് മാറ്റും. പൊലീസ് സുരക്ഷയോടെയാണ് കാസർകോട് ജിഎച്ച്എസ്എസിലും കാഞ്ഞങ്ങാട് ബല്ല ജിഎച്ച്എസ്എസിലും സെന്‍റർ പ്രവർത്തിക്കുക. കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രോഗബാധിതരെ പാര്‍പ്പിക്കുന്നതിന് വേണ്ടി രണ്ട് സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുക്കുo. ഈ ആശുപത്രികളില്‍ 22 ബെഡുകളും ഒരുക്കുമെന്നും കലക്ടർ അറിയിച്ചു.