കാസര്‍കോട്: സമകാലിക രാഷ്ട്രീയ വിഷയങ്ങൾ കൊകാര്യം ചെയ്‌ത് ഹയർസെക്കൻഡറി വിഭാഗം നാടകവേദി. പൊതുസമൂഹം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ് നാടകങ്ങളിൽ ഭൂരിഭാഗവും പ്രമേയം ആക്കിയത്. കുട്ടികളുടെ നാടകത്തിന് അപ്പുറത്തേക്ക് പ്രമേയങ്ങളിലെ വൈവിധ്യവും അവതരണരീതിയും കൊണ്ട് ഓരോ നാടകങ്ങളും കാണികളെ ത്രസിപ്പിച്ചു.
അസമിലെ പൗരത്വ പ്രശ്നവുമായി ബന്ധപ്പെട്ട ജനങ്ങളുടെ വിഷയം 'ഓണം' എന്ന നാടകത്തിലൂടെ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ദേശിയുടെ നാടകാവതരണം തടയുമെന്ന് ഭീഷണികളെ മറികടന്നുകൊണ്ട് ആയിരുന്നു കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ നാടകാവതരണം. സ്ത്രീകൾ ഒരുതരത്തിലും മാറ്റിനിർത്തപ്പെടേണ്ടവരല്ല എന്ന ബോധ്യപ്പെടുത്തി കൊണ്ടാണ് 'ജിം' നാടകം അവതരിപ്പിക്കപ്പെട്ടത്.
മലപ്പുറം ജില്ലയിലെ പന്തല്ലൂർ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച നാടകം ട്രാൻസ്‌ജെൻഡർ വിഭാഗത്തെയും ആർത്തവം അശുദ്ധമല്ല എന്ന പ്രമേയത്തെയും തന്മയത്വത്തോടെ കൂടി ജനങ്ങളിലേക്ക് എത്തിച്ചു. ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരം പ്രതീക്ഷ പകരുന്നതാണെന്ന് കാണികളും അഭിപ്രായപ്പെട്ടു. സന്തോഷ് ഏച്ചിക്കാനത്തിന്‍റെ 'സിംഗപ്പൂർ' എന്ന കഥയെ ആസ്പദമാക്കിയും നാടകാവതരണം ഉണ്ടായി. നാടകാചാര്യൻ വിദ്വാൻ പി.കേളുനായരുടെ സ്മരണയിലുള്ള വെള്ളിക്കോത്ത് മൈതാനിയിൽ നടക്കുന്ന നാടകമത്സരത്തിന് ജനങ്ങളുടെ ഒഴുക്കായിരുന്നു.