കാസർകോട്: പനത്തടി പഞ്ചായത്തില്‍ കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യമാണെന്നാരോപിച്ച് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കൾ രാജിവച്ചു. പഞ്ചായത്തിലെ ഒമ്പത്, 13 വാര്‍ഡുകളിലെ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ രജിത രാജന്‍, കെവി ജോസഫ് എന്നിവരാണ് രാജിവെച്ചത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നഷ്‌ടമായ പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് പനത്തടി യു ഡി എഫ് പ്രാദേശിക പടലപ്പിണക്കം തല പൊക്കിയത്. മുന്നണിയിൽ പോലും ചർച്ച ചെയ്യാതെ പഞ്ചായത്ത് തലത്തിൽ അവിശുദ്ധ കൂട്ടുകെട്ട് രൂപപ്പെട്ടുവെന്നാണ് പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ ആരോപണം.
ആകെയുള്ള 15 വാർഡുകളിൽ 12 വാർഡുകളിലേക്കാണ് ഇത്തവണ യു ഡി എഫ് മത്സരിക്കുന്നത്. എന്നാൽ ഈ സീറ്റുകളിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല. മറ്റ് മൂന്ന് സീറ്റുകളിൽ ബിജെപിക്ക് എതിരായി യുഡിഎഫ് സ്ഥാനാർത്ഥികളും മത്സര രംഗത്തില്ല. ഇതോടെയാണ് പഞ്ചായത്തിൽ കോ-ലീ-ബി സഖ്യമാണെന്ന് ആരോപണം ഉയര്‍ന്നത്. ബിജെപി ജില്ലാ നേതാവ് മത്സരിക്കുന്ന പതിനഞ്ചാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയെ പോലും നിർത്താത്തത് ഈ ധാരണയിലാണ്.
ജില്ലാ കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണ് പഞ്ചായത്തിൽ ബിജെപിയുമായി സഖ്യമെന്നതും പ്രവർത്തകരെ ചൊടിപ്പിക്കുകയാണ്. മലയോരത്തെ മിക്ക പഞ്ചായത്തുകളിലും യുഡിഎഫിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ അഭിപ്രായ ഭിന്നത രൂക്ഷമാണ്. കള്ളാറിൽ കോൺഗ്രസിന് പുറമെ ലീഗ് പഞ്ചായത്ത് കമ്മിറ്റിയും മുന്നണി തീരുമാനങ്ങളിൽ പ്രതിഷേധിച്ചു രംഗത്തുണ്ട്.