കാസർകോട്: കഴുത്തു വേദനയുമായി ആശുപത്രിയിൽ എത്തിയ കുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് കഴുത്ത് വേദനയെ തുടർന്ന് മൂന്നു വയസുകാരനെ രക്ഷിതാവ് കാഞ്ഞങ്ങാട്ടെ സൺറൈസ് ആശുപത്രിയിൽ കൊണ്ടുവന്നത്. എന്നാൽ കുട്ടിയെ ഡോക്‌ടറും നഴ്‌സുമാരും തിരിഞ്ഞു നോക്കിയില്ലെന്ന് കുട്ടിയുടെ അമ്മ ശിവാഞ്ജന പറയുന്നു.
എന്ത് പറ്റിയെന്നു നോക്കാൻ പോലും അവർ തയ്യാറായില്ലെന്നും പൂർണമായും അവഗണിക്കുകയായിരുന്നെന്നും അവർ പറഞ്ഞു. ഈ സമയം കുട്ടി വേദനകൊണ്ട് പുളയുകയായിരുന്നു. ആശുപത്രിയിലെ നഴ്‌സ് മോശമായി പെരുമാറി. സങ്കടത്തോടെയാണ് ആശുപത്രി വിട്ടതെന്നും ശിവാഞ്ജന വ്യക്തമാക്കി.
പിന്നീട് മറ്റൊരു ആശുപത്രിയിൽ എത്തിച്ചാണ് കുട്ടിക്ക് മതിയായ ചികിത്സ നൽകിയത്. കഴുത്തിന്‍റെ എല്ലിന് ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് ഡോക്‌ടർമാർ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ കഴുത്തിനു പ്ലാസ്റ്ററിട്ട നിലയിലാണ് കുട്ടിയുള്ളത്.
സംഭവത്തിൽ സൺറൈസ് ആശുപത്രിക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തെകുറിച്ച് അന്വേഷണം നടക്കുകയാണെന്നും വീഴ്‌ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.