കാസര്‍കോട്: തെരഞ്ഞെടുപ്പിനിടെ കാസര്‍കോട് കല്യോട്ട് കോൺഗ്രസ്, സിപിഎം സംഘർഷം. സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗവും പുല്ലൂർ പെരിയ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റുമായ പി.കൃഷ്ണൻ (65), പെരിയ ബസാർ വനിതാ സംഘം സെക്രട്ടറി ബിജു വർഗീസ് (44) എന്നിവരെ പരിക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുഡിഎഫ് കുമ്പള വാർഡ് സ്ഥാനാർഥി കൃഷ്ണകുമാർ മീങ്ങോത്തിനെ സിപിഎം പ്രവര്‍ത്തകര്‍ ബൂത്തിൽ തടഞ്ഞുവെച്ച സംഭവമാണ് സംഘർഷത്തിന് കാരണം. ഇതേത്തുടർന്ന് കല്യോട്ട് ഗവ.ഹയർസെക്കൻഡറി സ്കൂൾ ബൂത്തിലെ എൽഡിഎഫ് പോളിങ് ഏജന്‍റുമാരെ കോൺഗ്രസ് പ്രവർത്തകരും തടഞ്ഞുവയ്ക്കുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ പൊലീസുമായി കോൺഗ്രസ് പ്രവർത്തകർ ഉന്തുംതള്ളുമായി. ഇതിനിടെ സ്ഥലത്തെത്തിയ പി.കൃഷ്ണനും ബിജു വർഗീസും കൈയേറ്റത്തിനിരയായി. കൂടുതൽ പൊലീസ് സ്ഥലത്തെത്തി.