കാസർകോട്: മദ്യത്തിന്‍റെയും മറ്റ് ലഹരി വസ്‌തുക്കളുടെയും കേന്ദ്രമായി മണിക്കല്ല് ആദിവാസി കോളനി. കുട്ടികൾ അടക്കം ലഹരിക്ക് അടിമകളാണെന്നും ഇതോടെ ഇവർ സ്‌കൂളിൽ പോകാൻ തയാറാകുന്നില്ലെന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവിടെനിന്ന് പുറത്ത് വരുന്നത്. വ്യാജമദ്യം ഉൾപ്പടെയുള്ള ലഹരി ഇവിടെ ഒഴുകുകയാണ്.
കുടുംബങ്ങളിലെ അതിരുകടന്ന ലഹരി ഉപയോഗം കുട്ടികളുടെ ജീവിതത്തെയാണ് ബാധിക്കുന്നത്. ഇവിടെയാണ് മൂന്ന് മാസങ്ങൾക്ക് മുൻപ് പിതാവ് സ്വന്തം മകളെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച സംഭവം നടന്നത്. തുടർന്ന് അധികൃതർ ഇടപെട്ടെങ്കിലും യാതൊരു നടപടിയും എടുത്തില്ല.
ജീവിത സാഹചര്യങ്ങളിൽ ഏറെ പിന്നാക്കം നിൽക്കുന്നവരാണ് കോളനി നിവാസികൾ. മലവേട്ടുവൻ വിഭാഗത്തിലെ പതിനൊന്നും, മറാഠിക്കാരായ രണ്ട് കുടുംബങ്ങളുമാണ് മണിക്കൽ കോളനിയിലുള്ളത്. വൈകുന്നേരങ്ങളിൽ കോളനിയിൽ നിന്ന് വലിയ ബഹളം കേൾക്കാമെന്നാണ് സമീപവാസികൾ പറയുന്നത്.
അടിസ്ഥാന സൗകര്യങ്ങളും, പോഷകാഹാരവും ഇല്ലാതെ ദുരിതത്തിലാണിവർ. എന്നാൽ അധികൃതർ തിരിഞ്ഞുപോലും നോക്കാറില്ലെന്നാണ് ഇവരുടെ പരാതി. ലഹരി ഉപയോഗം വർധിച്ച സാഹചര്യത്തിൽ കുട്ടികളെ പഠനത്തിനായി മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് പഞ്ചായത്ത് അധികൃതരുടെ തീരുമാനം. അടുത്ത അധ്യായന വർഷത്തോടെ ഇത് യാഥാർഥ്യമാകുമെന്ന് ട്രൈബൽ പ്രമോട്ടർ രാജേഷ് പറഞ്ഞു. കോളനിയിലും സമീപ പ്രദേശങ്ങളിലും വ്യാജമദ്യ വിൽപന വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പൊലീസ് നടപടി ശക്തമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.