കാസർകോട്: വിപണിയില്‍ ഇറച്ചിക്കോഴി വില കുത്തനെ ഇടിയുന്നു. കിലോക്ക് മുപ്പത് മുതല്‍ 35 രൂപവരെയാണ് കുറഞ്ഞത്. കര്‍ണാടകയിലെ മൊത്ത വിതരണ കേന്ദ്രത്തില്‍ വില കുറഞ്ഞതോടെയാണ് പൊതു വിപണിയിലും വിലക്കുറവ് പ്രകടമായത്. അതേ സമയം വിലക്കുറവ് ചെറുകിട ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.
ഒരാഴ്‌ച മുമ്പ് വരെ 100 രൂപക്ക് മുകളിലായിരുന്നു ഒരു കിലോ ഇറച്ചിക്കോഴിക്കുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ശരാശരി 75 രൂപക്കാണ് പൊതുവിപണിയില്‍ ഇറച്ചിക്കോഴി വില്‍പ്പന. കാസര്‍കോട്ടെ ചില കടകളില്‍ 65 രൂപക്കും വില്‍പ്പന നടക്കുന്നു. പെരുന്നാള്‍ കഴിഞ്ഞതും മീന്‍ ലഭ്യത കൂടിയതുമാണ് കോഴി വില കുറയുന്നതിന് കാരണമായി കച്ചവടക്കാര്‍ പറയുന്നത്. വിലക്കുറവ് ബോര്‍ഡുകള്‍ കടകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതോടെ കോഴിക്കടകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ്.
പുത്തൂരില്‍ 53 രൂപക്കും ചിക്കമംഗളൂരു, ഹാസന്‍ എന്നിവിടങ്ങളില്‍ നിന്നും 48 രൂപക്കുമാണ് ഒരു കിലോ കോഴി ലഭിക്കുന്നത്. എന്നാല്‍ വിപണി വിലയില്‍ വലിയ മാറ്റങ്ങള്‍ വന്നതോടെ ചെറുകിട ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കോഴിക്കുഞ്ഞുങ്ങളെ വാങ്ങി പരിപാലിച്ച് വിപണിയിലെത്തിക്കുമ്പോള്‍ 80 മുതല്‍ 90 രൂപവരെ ചിലവ് വരുന്നുണ്ട്. ഈ സമയത്ത് വില കുത്തനെ ഇടിയുന്നതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്.