കാസർകോട്: മൂന്ന് പതിറ്റാണ്ട് മുമ്പ് ഉദുമയെ ഇടതുപക്ഷത്തേക്ക് ചേര്‍ത്ത് നിര്‍ത്തിയ നേതാവിനെ സന്ദര്‍ശിച്ച് ഉദുമയിലെ നിയുക്ത എംഎല്‍എ സിഎച്ച് കുഞ്ഞമ്പു. 30 വര്‍ഷത്തിലധികമായി ഇളകാത്ത കോട്ടയായി നില്‍ക്കുന്ന ഉദുമയിൽ ചരിത്ര ഭൂരിപക്ഷത്തിനാണ് സിഎച്ച് കുഞ്ഞമ്പു ഇത്തവണ വിജയിച്ചത്. അസുഖ ബാധിതനായി വിശ്രമത്തില്‍ കഴിയുന്ന മുന്‍ എംഎല്‍എ പി രാഘവനൊപ്പം തെരഞ്ഞെടുപ്പ് വിജയം പങ്കിടാനായാണ് സിഎച്ച് കുഞ്ഞമ്പു അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയത്.
സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍ തന്നെ പി രാഘവനെ കണ്ട ശേഷമാണ് കുഞ്ഞമ്പു പ്രചാരണം തുടങ്ങിയത്. എന്നും ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചയാളാണ് പി രാഘവന്‍. ഇടതുപക്ഷത്തിന്‍റെ ചരിത്ര വിജയത്തില്‍ അതീവ സന്തോഷത്തിലാണ് രാഘവേട്ടനെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുന്നിട്ടിറങ്ങാന്‍ സാധിച്ചില്ലല്ലോ എന്ന ചെറിയ വിഷമം പങ്കുവെച്ചതായും സിഎച്ച് കുഞ്ഞമ്പു ഫേസ്ബുക്കില്‍ കുറിച്ചു.
12,616 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സിഎച്ച് കുഞ്ഞമ്പു ഉദുമയിൽ വിജയിച്ചത്. സർക്കാരിനും മുഖ്യമന്ത്രിക്കുമുള്ള അംഗീകാരമാണ് തന്‍റെ വിജയമെന്നും ചരിത്രത്തിലെ വലിയ ഭൂരിപക്ഷം തന്നിലേൽപ്പിക്കുന്ന ഉത്തരവാദിത്തം നിറവേറ്റുമെന്നും കുഞ്ഞമ്പു പറഞ്ഞിരുന്നു.
കൂടുതൽ വായനയ്ക്ക്: ഉദുമയിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്ന് സിഎച്ച് കുഞ്ഞമ്പു