കാസർകോട് : കായികരംഗത്തെ അതുല്യ പ്രതിഭ പി.ടി. ഉഷയ്ക്ക് കേരള കേന്ദ്ര സര്‍വകലാശാലയുടെ ഓണററി ഡോക്‌ടറേറ്റ്. ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റും രാജ്യസഭാംഗവുമായ പി.ടി. ഉഷയ്ക്ക് കായികമേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്‌ടറേറ്റ് നല്‍കുന്നത്. കേരള കേന്ദ്ര സര്‍വകലാശാല നല്‍കുന്ന ആദ്യ ഓണററി ഡോക്‌ടറേറ്റാണിത്.
പി.ടി ഉഷ രാജ്യത്തിന് അഭിമാനം : രാജ്യത്ത് പുതിയ കായിക സംസ്‌കാരത്തിന് അടിത്തറയിട്ട പ്രതിഭയാണ് പി.ടി. ഉഷയെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു പറഞ്ഞു. കളിക്കളത്തിലും പുതുതലമുറയിലെ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിലും സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് പി.ടി. ഉഷയുടേത്. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലുമായി 19 സ്വര്‍ണമടക്കം 33 മെഡലുകള്‍, തുടര്‍ച്ചയായ നാല് ഏഷ്യന്‍ ഗെയിംസുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ്, 1985ലെ ജക്കാര്‍ത്ത ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ അഞ്ച് സ്വര്‍ണമടക്കം ആറ് മെഡലുകള്‍ അടക്കം രാജ്യത്തിന്‍റെ അഭിമാനമുയര്‍ത്തിയ നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച താരമാണ് പി.ടി. ഉഷ.
മെഡല്‍ കൊയ്‌ത്ത് തുടരുന്നു : കിനാലൂരില്‍ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന് നേതൃത്വം നല്‍കിവരികയാണ് ഇവര്‍. 20 വര്‍ഷം പിന്നിടുന്ന ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ താരങ്ങള്‍ ഇതുവരെ 79 രാജ്യാന്തര മെഡലുകളാണ് ഇന്ത്യയ്ക്ക് നേടിത്തന്നത്. ദേശീയ മത്സരങ്ങളില്‍നിന്ന് അറുനൂറിലധികം മെഡലുകളും കരസ്ഥമാക്കി. രാജ്യത്തിന് മാതൃകയായവരെ ആദരിക്കുകയെന്നത് സര്‍വകലാശാലയുടെ കര്‍ത്തവ്യമാണെന്നും വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം പകരുന്നതാണ് പി.ടി. ഉഷയുടെ ജീവിതവും നേട്ടങ്ങളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍വകലാശാലയില്‍ പിന്നീട് സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ വച്ച് ഡോക്‌ടറേറ്റ് സമ്മാനിക്കും.
ചടങ്ങ് പിന്നീട് : അതേസമയം കേരള കേന്ദ്ര സര്‍വകലാശാലയുടെ ആറാമത് ബിരുദദാന സമ്മേളനം മാര്‍ച്ച് 25ന് രാവിലെ 10 മണിക്ക് നടക്കും. കേരള കേന്ദ്ര സര്‍വകലാശാല ക്യാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ.സുഭാസ് സര്‍ക്കാര്‍, കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി.മുരളീധരന്‍ എന്നിവര്‍ സംബന്ധിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിക്കും. രജിസ്ട്രാര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍, പരീക്ഷ കണ്‍ട്രോളര്‍ ഇന്‍ ചാര്‍ജ് പ്രൊഫ.എം.എന്‍. മുസ്‌തഫ, സര്‍വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍, എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ സ്‌കൂളുകളുടെ ഡീനുമാര്‍, വകുപ്പ് മേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരാകും.
ഒരുങ്ങുന്നത് വമ്പന്‍ വേദി : 2021ലും 2022ലും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ബിരുദദാന സമ്മേളനമാണ് നടക്കുന്നത്. 1947 വിദ്യാര്‍ഥികളാണ് ബിരുദം ഏറ്റുവാങ്ങാനുള്ളത്. ഇതില്‍ 1567 വിദ്യാര്‍ഥികള്‍ നേരിട്ട് പങ്കെടുക്കാന്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. 82 പേര്‍ക്ക് ബിരുദവും 1732 പേര്‍ക്ക് ബിരുദാനന്തര ബിരുദവും 57 പേര്‍ക്ക് പിഎച്ച്ഡി ബിരുദവും 54 പേര്‍ക്ക് പിജി ഡിപ്ലോമ ബിരുദവും 22 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും.