കാസർകോട്: ബലിപെരുന്നാൾ ദിനത്തിൽ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ബിരിയാണി വിളമ്പി തൃക്കരിപ്പൂർ ടൗൺ ഫ്രണ്ട്സ് ക്ലബ് പ്രവർത്തകർ. ക്ലബ് അംഗങ്ങളുടെ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായാണ് പ്രളയദുരിതബാധിതർക്ക് ഒരു നേരത്തെ ഭക്ഷണവുമായി ഇവരെത്തിയത്.
ത്യാഗസ്മരണകളുടെ ഓർമ്മ പുതുക്കലാണ് ഇസ്ലാം മതവിശ്വാസിക്ക് ഓരോ ബലിപെരുന്നാളും. പരസ്പര സ്നേഹവും പങ്കുവെക്കലും നിറയുന്ന പുണ്യ ദിനം. പുതുവസ്ത്രങ്ങളും ഭക്ഷണവുമൊക്കെയായി വലിയ ആഘോഷങ്ങളാണ് പെരുന്നാൾ. അതിനിടയിലാണ് മഹാമാരി ദുരിതമായി പെയ്തിറങ്ങിയത്. എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജീവിതം പറിച്ചു മാറ്റപ്പെട്ട നിരവധി മനുഷ്യർ. തങ്ങളുടെ സഹജീവികൾ ജീവിത പ്രയാസം നേരിടുമ്പോഴാണ് ബലി പെരുന്നാളിന്റെ സന്ദേശം ഉൾക്കൊള്ളുന്ന പുണ്യ പ്രവൃത്തിയുമായി തൃക്കരിപ്പൂർ ഫ്രണ്ട്സ് ക്ലബ്ബിന്റെ പ്രവർത്തകർ എത്തിയത്. ഏറ്റവും കൂടുതൽ ആളുകൾ കഴിയുന്ന ചെറുവത്തൂർ കാടങ്കോട് സ്കൂളിലെ ക്യാമ്പിലാണ് പെരുന്നാൾ ഭക്ഷണം പാകം ചെയ്തത്. ഇവിടുള്ളവർക്ക് പുറമെ കൊവ്വൽ സ്കൂളിലും കോട്ടപ്പള്ളി മദ്രസയിലെയും ക്യാമ്പുകളിലേക്കും ഫ്രണ്ട്സ് ക്ലബ്ബ് പ്രവർത്തകർ ബിരിയാണി എത്തിച്ചു.