കാസര്‍കോട്: മത്സ്യ സമ്പത്തിന് ഭീഷണിയായി ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ബോട്ടുകളുടെ അശാസ്ത്രീയ മീന്‍ പിടിത്തം. തീരദേശ പൊലീസ് കടലില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ബോട്ട് കസ്റ്റഡിയിലെടുത്തു. നാലില്‍ കൂടുതല്‍ ബോട്ടുകള്‍ കടലില്‍ നങ്കൂരമിട്ട് ഉയര്‍ന്ന വോള്‍ട്ടേജില്‍ ലൈറ്റ് സ്ഥാപിച്ചാണ് മീന്‍ പിടിത്തം. വൈകുന്നേരത്തോട് കൂടി കേരള തീരത്തോട് ചേര്‍ന്നെത്തുന്നവർ വലക്കൊപ്പം വെള്ളത്തിനടിയിലേക്ക് ലൈറ്റ് ഇറക്കി വെക്കുകയാണ് ചെയ്യുന്നത് . ഉയര്‍ന്ന വെളിച്ചത്തിലും ചൂടിലും ആകര്‍ഷിക്കപ്പെടുന്ന മീനുകള്‍ കൂട്ടത്തോടെ ഒരു സ്ഥലത്ത് കേന്ദ്രീകരിക്കുമ്പോള്‍ വല പൊക്കുന്നു . രാത്രിയോട് കൂടി കൂടുതല്‍ ബോട്ടുകള്‍ എത്തിയാണ് മീന്‍ കടത്തുന്നത്.
വിവരം പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെയാണ് കോസ്റ്റല്‍ പൊലീസ്, ഫിഷറീസ് അധികൃതര്‍ക്കൊപ്പം കടലില്‍ പരിശോധന നടത്തിയത്. ഒരു ബോട്ട് പിടികൂടിയ വിവരമറിഞ്ഞ മറ്റു ബോട്ടുകള്‍ വഴി തിരിച്ചു വിടുകയായിരുന്നു. ഒറ്റ വരവില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മീനുകളുമായാണ് ബോട്ടുകള്‍ മടങ്ങുന്നത്. ഇത് മൂലം ചെറുബോട്ടുകളില്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍ ലഭിക്കാതെ മടങ്ങേണ്ട അവസ്ഥയാണ്.
അതേ സമയം കാസര്‍കോട് കുമ്പള തീരദേശ സേനയിലെ രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരെ കടലിലെ പരിശോധനക്കിടെ ഇതര സംസ്ഥാന മത്സ്യത്തൊഴിലാളികള്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കര്‍ണാടക ഫിഷറീസ് വകുപ്പിന്‍റെ സഹായത്തോടെയാണ് പിന്നീട് രണ്ട് പൊലീസുകാരെയും തിരിച്ചെത്തിക്കാനായത്.
പൊസോട്ട് ഹാര്‍ബറില്‍ നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ അനധികൃതമായി മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടാണ് ഏഴംഗ പൊലീസ് സംഘം കണ്ടെത്തിയത്. ലൈസന്‍സടക്കമുള്ള രേഖകളില്ലാത്തതിനാല്‍ ഹാര്‍ബറില്‍ അടുപ്പിക്കാന്‍ നിര്‍ദേശം നല്‍കിയ പൊലീസ് സംഘം ഇതിനായി രണ്ട് പൊലീസുകാരെ ബോട്ടില്‍ കയറ്റി. ഈ സമയമാണ് മത്സ്യബന്ധന ബോട്ട് പൊലീസിനെ വെട്ടിച്ച് കടന്നത്. തുടര്‍ന്ന് പൊലീസ് മറ്റൊരു ബോട്ടില്‍ പിന്തുടര്‍ന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കര്‍ണാടക ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ടാണ് ബന്തര്‍ ഹാര്‍ബറില്‍ ബോട്ട് അടുപ്പിക്കാന്‍ സാധിച്ചത്.