കാസർകോട്: 2016ല്‍ 89 വോട്ടുകൾക്ക് കൈവിട്ട മണ്ഡലം. ഓരോ കേരള നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി ഏറ്റവുമധികം പ്രതീക്ഷ പുലർത്തുന്ന മണ്ഡലം. കേരളത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്തെ മണ്ഡലമായ മഞ്ചേശ്വരം ഇത്തവണ ബിജെപിക്ക് എന്തുകൊണ്ടും അഭിമാന പ്രശ്നമാണ്. തുളുനാട്ടില്‍ വിജയക്കൊടി പാറിക്കാൻ ബിജെപി ഇത്തവണ ഇറങ്ങുന്നത് സർവ സന്നാഹങ്ങളുമായാണ്. ഇടതുവലതു മുന്നണികളുടെ തെരഞ്ഞെടുപ്പ് ജാഥകൾക്ക് പിന്നാലെ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന ജാഥ കാസർകോട് നിന്ന് ആരംഭിക്കുമ്പോൾ ബിജെപി നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സുരേന്ദ്രന്‍റെ വിജയയാത്ര ഉദ്ഘാടനം ചെയ്യുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി 7000 വോട്ടിന് പിന്നില്‍ പോയെങ്കിലും ഇത്തവണ വീഴ്ചകള്‍ ആവർത്തിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചാണ് തെരഞ്ഞെടുപ്പ് പ്രവർത്തനം.
ഭാഷാ ന്യൂനപക്ഷ മേഖലയാണെങ്കിലും മണ്ഡലത്തില്‍ സുപരിചിതനായ കെ. സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. പക്ഷേ പ്രാദേശിക വികാരം ശക്തമായ സാഹചര്യത്തില്‍ ജില്ലാ നേതാക്കള്‍ തന്നെ മല്‍സരിക്കാനുള്ള സാധ്യത വർധിക്കുകയാണ്. ബിജെപി ജില്ലാ പ്രസിഡന്‍റ് കെ. ശ്രീകാന്ത്, നാല് ജില്ലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ മേഖല വൈസ് പ്രസിഡന്‍റ് സതീഷ് ചന്ദ്ര ഭണ്ഡാരി, മുന്‍ ജില്ലാ പ്രസിഡന്‍റ് പി. സുരേഷ്‌കുമാര്‍ ഷെട്ടി എന്നിവരാണ് ബിജെപിയുടെ സ്ഥാനാർഥി പട്ടികയിലുള്ളത്. സിറ്റിങ് എം.എല്‍.എയും മുസ്ലീം ലീഗ് നേതാവുമായ എം.സി. കമറുദീന്‍ ഉള്‍പ്പെട്ട നിക്ഷേപ തട്ടിപ്പ് കേസും തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗ് കോട്ടകളിലുണ്ടായ തോല്‍വിയും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്. ഉറച്ച പാര്‍ട്ടി വോട്ടുകള്‍ക്കൊപ്പം മണ്ഡലത്തിലെ ഭാഷാ ന്യൂനപക്ഷ വോട്ടുകളും ചേരുമ്പോള്‍ വിജയ ഫോര്‍മുലയാകുമെന്ന് ബിജെപി കരുതുന്നു.