കാസര്‍കോട്: കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഭെല്‍ ഇഎംഎല്ലിന്‍റെ കാസര്‍കോട് യൂണിറ്റ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരം തുടങ്ങി. മുന്‍ തീരുമാന പ്രകാരം യൂണിറ്റ് സംസ്ഥാന സര്‍ക്കാറിന് കൈമാറണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പ്രക്ഷോഭം തുടങ്ങിയിരിക്കുന്നത്. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലായിരുന്ന കേരള ഇലക്‌ട്രിക്കല്‍ ലിമിറ്റഡിനെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്‌ട്രിക്കല്‍ ലിമിറ്റഡില്‍ ലയിപ്പിക്കുമ്പോള്‍ തൊഴിലാളികളും,അധികൃതരും വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ നിലവില്‍ ശമ്പളം പോലും നല്‍കാന്‍ പറ്റാത്ത നിലയിലായ സ്ഥാപനം അടച്ചു പൂട്ടലിന്‍റെ വക്കിലാണ്. പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ യൂണിറ്റ് ഏറ്റെടുക്കാന്‍ സമ്മതം അറിയിച്ചിരുന്നു. നവീകരണത്തിനായി ബജറ്റില്‍ 10 കോടി രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ കൈമാറ്റക്കരാര്‍ ഉണ്ടാക്കിയതല്ലാതെ കരാറില്‍ ഒപ്പുവെക്കാന്‍ കേന്ദ്രം ഇനിയും തയ്യാറായിട്ടില്ല. കൈമാറ്റം നടക്കാതെ യാതൊരു ഇടപെടലും സാധ്യമാകില്ലെന്നിരിക്കെയാണ് തൊഴിലാളികള്‍ പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്.
ആദ്യഘട്ടത്തില്‍ സിഐടിയുവിന്‍റെ നേതൃത്വത്തില്‍ മുന്‍ എംപി പി.കരുണാകരന്‍ ഏകദിന സത്യഗ്രഹം നടത്തി. ശനിയാഴ്ച കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്നും സത്യഗ്രഹ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥാപനം കൈമാറുന്നതിനുള്ള നീക്കത്തിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാറും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം നടത്തുന്നുണ്ട്. സ്ഥാപനത്തിന്‍റെ കൈമാറ്റം പൂര്‍ത്തിയായാലും നിലവിലെ 30 കോടിയിലധികം രൂപയുടെ ബാധ്യത ആരു തീര്‍ക്കുമെന്നത് സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല.