കാസർകോട്: ആഘോഷ രാവുകൾക്ക് തുടക്കം കുറിച്ച് ബേക്കൽ ഫോര്‍ട്ടിലെ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ്. ബേക്കലിനെയും പരിസര പ്രദേശങ്ങളെയും ലോകത്തിന് മുന്നിൽ വീണ്ടും അടയാളപ്പെടുത്തുന്ന ബേക്കൽ ഫെസ്റ്റിന്‍റെ രണ്ടാം പതിപ്പ് ഇന്നലെ (ഡിസംബര്‍ 22) നിയമസഭ സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ ഉദ്‌ഘാടനം ചെയ്‌തു. ഫെസ്റ്റില്‍ വിവിധ കലാപരിപാടികളും എക്‌സ്‌പോയും വിപണന മേളയുമാണ് ഒരുക്കിയിട്ടുള്ളത്. ഇതുകൂടാതെ അമ്യൂസ്‌മെന്‍റ് പാര്‍ക്കും ഭക്ഷ്യ സ്റ്റാളുകളും മേളയിലുണ്ട്.
രണ്ട് വേദികളിലായിട്ടാണ് പരിപാടികൾ. ഒന്നാം വേദിയിൽ പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന പരിപാടികളാണ് നടക്കുക. രണ്ടാം വേദി റെഡ് മൂൺ ബീച്ചിലാണ് ഒരുക്കിയിട്ടുള്ളത്. പിലാത്തറ ലാസ്യ കലാക്ഷേത്ര അവതരിപ്പിച്ച നൃത്താവിഷ്‌കാരം, തൈക്കൂടം ബ്രിജ് നയിച്ച മ്യൂസിക് ഷോ എന്നിവയും ഫെസ്റ്റിന്‍റെ ഭാഗമായി ഇന്നലെ ബേക്കലില്‍ അരങ്ങേറി (Bekal International Beach Festival 2023).
സംഗീത പ്രേമികളുടെ ആത്മാവില്‍ തൊട്ടായിരുന്നു തൈക്കുടം ബ്രിഡ്‌ജിന്‍റെ മ്യൂസിക് ഷോ. മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷയിൽ 2 മണിക്കൂറിൽ തീർത്ത സംഗീത സന്ധ്യ കാണികളിൽ ഉത്സവാവേശം നിറച്ചു. 9 ഗായകരും 6 വാദ്യ വിദഗ്‌ധരുമാണ് സംഗീത ലഹരി നിറച്ച് വേദി കീഴടക്കിയത് ( Beach Festival In Kasaragod).
ശിവമണി, പ്രകാശ് ഉള്ള്യേരി, ശരത് എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ ട്രിയോ. കെ.എസ് ചിത്രയുടെയും സംഘത്തിന്‍റെയും ചിത്ര വസന്തം, എം.ജി ശ്രീകുമാറും സംഘവും നയിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്‍റ് എന്നിവ അടുത്ത ദിവസങ്ങളിലായി ഫെസ്റ്റില്‍ അരങ്ങേറും (Kasaragod Bekal Fort).
ബേക്കല്‍ ഫെസ്റ്റ് മഹത്തായ സന്ദേശം: സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മഹോത്സവമായ ബേക്കൽ ബീച്ച് ഫെസ്റ്റിവൽ വലിയ വിജയമാകുമെന്ന് സ്‌പീക്കർ എ.എൻ ഷംസീർ പറഞ്ഞു. ഇനി പത്തു ദിവസം വടക്കൻ കേരളത്തിലെ ജനങ്ങൾ ബേക്കലിലേക്ക് ഒഴുകിയെത്തും. കലാപരിപാടികളും സാംസ്‌കാരിക സദസും ആസ്വദിക്കാൻ മനസ് നന്നാകണമെന്നും അദ്ദേഹം പറഞ്ഞു.
മതത്തിന്‍റെയും ജാതിയുടേയും പേരിൽ രാജ്യത്ത് ഭിന്നിപ്പുണ്ടാകുന്നു. എന്നാൽ ഇവിടെ കേരളം വ്യത്യസ്‌തമാണ്. ഒരു മതത്തിന്‍റെയും ജാതിയുടയും പേരിൽ ഞങ്ങളെ ഭിന്നിപ്പിക്കാനാകില്ല എല്ലാവരും വിഭാഗീയതകൾക്ക് അതീതരായി ഒത്തുചേരുന്ന ബേക്കൽ ഫെസ്റ്റിവൽ പകരുന്നത് മഹത്തായ സന്ദേശമാണ്.
മനോഹരമായ ബീച്ചും ചരിത്ര പ്രസിദ്ധമായ കോട്ടയും ബേക്കലിനെ ദേശീയ പ്രശസ്‌തമാക്കുന്നു. ടൂറിസം ഭൂപടത്തിൽ ബേക്കൽ ഫെസ്റ്റിവൽ ഇതിനകം ഇടം നേടിയിട്ടുണ്ട്. ഇനി എല്ലാ ഡിസംബറിലും 20ന് ശേഷവും ബേക്കൽ ഫെസ്റ്റ് ലോകത്തിന്‍റെ ഉത്സവമായി മാറും. ലോകത്തിന്‍റെ എല്ലാ കോണിലുമുള്ള കാസർകോടുക്കാരായ പ്രവാസികൾ ഇനി എല്ലാ വർഷവും ഇവിടെയെത്തണം .
വിദേശികൾ ധാരാളമായി വരണം അവർക്ക് താമസിക്കാനും ഹോട്ടലുണ്ട്. ബേക്കൽ ഇന്‍റര്‍നാഷണൽ ബീച്ച് ഫെസ്റ്റിവൽ ഇനിയുള്ള എല്ലാ വർഷവും നന്നായി നടത്തികൊണ്ടു പോകണമെന്ന് സ്‌പീക്കർ പറഞ്ഞു.
ഫെസ്റ്റ് കാണാന്‍ ട്രെയിനിലെത്താം: ബീച്ച് ഫെസ്റ്റിവലിന് പങ്കെടുക്കാൻ എത്തുന്നവരുടെ സൗകര്യാർഥം ബേക്കൽ റെയിൽവേ സ്റ്റേഷനിൽ ഡിസംബർ 22 മുതൽ 31 വരെ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. ചെന്നൈ എഗ്‌മോര്‍-മംഗളൂരു എക്‌സ്‌പ്രസ്, ചെന്നൈ സെൻട്രൽ-മംഗളൂരു വെസ്‌റ്റ്‌കോസ്റ്റ് എക്‌സ്‌പ്രസ്, നാഗർകോവിൽ-മംഗളൂരു എക്‌സ്‌പ്രസ് എന്നിവയ്ക്കാണ് താത്കാലിക സ്റ്റോപ്പ് അനുവദിച്ചത്.