കാസർകോട്: ബേക്കറി മുഴുവൻ വിവിധ മധുര പലഹാരങ്ങൾ ഉണ്ടായിട്ടും ചോക്ലേറ്റ് മാത്രം മോഷ്‌ടിച്ച "ചോക്ലേറ്റ് കള്ളന്മാരെ" തിരയുകയാണ് കാഞ്ഞങ്ങാട് പൊലീസ്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കാഞ്ഞങ്ങാട്ടെ ബേക്കറി ഉൽപന്നങ്ങളുടെ മൊത്തവിതരണ കേന്ദ്രത്തിൽ മോഷണം നടന്നത്. കൗതുകമെന്തെന്നാൽ, ബേക്കറി മുഴുവൻ വിവിധ മധുര പലഹാരങ്ങൾ ഉണ്ടായിട്ടും കള്ളന്മാർ തിരഞ്ഞുപിടിച്ച് മോഷ്‌ടിച്ചത് ചോക്ലേറ്റ് മാത്രമാണ് (Theft at bakery products wholesale center Kanhangad Kasaragod).
കോട്ടച്ചേരിയിൽ അബ്‌ദുൽ ഖയ്യൂമിന്‍റെ ഉടമസ്ഥതയിലുള്ള മൊണാർക് എന്‍റർപ്രൈസസിൽ നിന്നാണ് 42,430 രൂപയുടെ ചോക്ലേറ്റും 1680 രൂപയും കഴിഞ്ഞ ദിവസം മോഷണം പോയത്. പുലർച്ചെ 2.30ന് ആയിരുന്നു സംഭവം. മോഷണ സംഘത്തിൽ മൂന്നുപേർ ഉണ്ടെന്നാണ് സൂചന.
അതേസമയം സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. നീല ജീൻസും ഇളം നിറത്തിലുള്ള ഷർട്ടും ധരിച്ച യുവാവ് കടയ്‌ക്ക് മുന്നിൽ നിൽക്കുന്നതും മറ്റു രണ്ട് യുവാക്കൾ ഷട്ടർ കുത്തിപ്പൊളിക്കുന്നതുമാണ് സമീപത്തെ തുണിക്കടയിലെ സിസിടിവിയിൽ ഉള്ളത്. പക്ഷേ ഇവരുടെ മുഖം വ്യക്തമല്ല.
കടയിൽ വിവിധങ്ങളായ ഒട്ടേറെ ബേക്കറി സാധനങ്ങൾ ഉണ്ടായിട്ടും മോഷ്‌ടാക്കൾക്ക് വേണ്ടത് ചോക്ലേറ്റ് മാത്രമായിരുന്നു. ഡയറി മിൽക്ക് സിൽക്ക് ആണ് കൂടുതലും മോഷ്‌ടിക്കപ്പെട്ടത്. നേരത്തെയും കടയുടെ പൂട്ട് പൊളിക്കാൻ ശ്രമം നടന്നിരുന്നതായി ഉടമ പറയുന്നു. എത്രയും വേഗം 'ചോക്ലേറ്റ് കള്ളന്മാരെ' കണ്ടെത്താനുള്ള ശ്രമത്തിലാണ് കാഞ്ഞങ്ങാട് പൊലീസ്.
ALSO READ: അടിച്ചുപൊളിക്കാന്‍ പണം വേണം; ആദ്യമായി മോഷണത്തിനിറങ്ങിയ യുവാവ് നിലമ്പൂര്‍ പൊലീസിന്‍റെ വലയില്‍