കാസർകോട് : 130 വർഷത്തെ ചരിത്രമുറങ്ങുന്ന ഖബർസ്ഥാൻ ഉൾപ്പടെയുള്ള ഭൂമി ദേശീയപാതാ വികസനത്തിനായി വിട്ടുനൽകി മാതൃകയാവുകയാണ് കാസർകോട് മൊഗ്രാൽ പുത്തൂരിലെ ബദർ ജുമാ മസ്‌ജിദ് പള്ളിക്കമ്മിറ്റി. വിശ്വാസികൾ ഏകകണ്‌ഠമായാണ് ഭൂമി വിട്ടുകൊടുക്കാനുള്ള തീരുമാനം അംഗീകരിച്ചതെന്ന് പള്ളിക്കമ്മിറ്റി പറയുന്നു. തലപ്പാടി-ചെങ്കള റീച്ചിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്.
വൈകാരിക പ്രതികരണങ്ങൾ പ്രതീക്ഷിച്ച അധികൃതരെപ്പോലും അതിശയിപ്പിച്ചാണ് കുന്നിൽ ബദർ ജുമാ മസ്‌ജിദ് പള്ളിക്കമ്മിറ്റിയുടെ നിർണായക തീരുമാനം ഉണ്ടായത്. സമസ്‌ത കേരള ജംഇയത്തുൽ ഉലമ പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിർദേശപ്രകാരമാണ് ജനറൽ ബോഡി വിളിച്ചുചേർത്ത് വിഷയം ചർച്ച ചെയ്‌തത്. പിന്നീട് പ്രദേശത്തെ വിശ്വാസികളുടെ അഭിപ്രായം തേടിയപ്പോൾ ഏകകണ്‌ഠമായാണ് ജനറൽ ബോഡിയുടെ തീരുമാനം വിശ്വാസികൾ അംഗീകരിച്ചതെന്ന് പള്ളിക്കമ്മിറ്റി പറയുന്നു.
ദേശീയപാതയോരത്തെ മൂന്ന് സെന്‍റ് ഭൂമിയും കെട്ടിടവുമാണ് ദേശീയപാതാ വികസനത്തിനായി വിട്ടുനൽകിയത്. ഏറ്റെടുത്ത സ്ഥലത്ത് നിർമാണ പ്രവർത്തികൾ ഇതിനകം ആരംഭിച്ചിട്ടുമുണ്ട്.