കാസർകോട് : സൈബർ ആക്രമണത്തിൽ മനംനൊന്ത് കോട്ടയം കോതനല്ലൂർ വരകുകാലായിൽ ആതിര മുരളീധരൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഒളിവില്‍ പോയ പ്രതി അരുൺ വിദ്യാധരൻ കാഞ്ഞങ്ങാട്ടെ ലോഡ്‌ജിൽ മുറിയെടുത്തത് പൈനാപ്പിൾ ലോറിയിലെ ഡ്രൈവർ എന്ന വ്യാജേന. തിരിച്ചറിയൽ രേഖ കാണിച്ചതിനാൽ ജീവനക്കാർക്ക് സംശയം തോന്നിയില്ല. പേര് രാജേഷ് പെരിന്തൽമണ്ണ എന്നാണ് പറഞ്ഞത്.
മെയ് രണ്ടിന് വൈകിട്ടാണ് അരുൺ മുറി എടുത്തത്. ശേഷം ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ച് തിരിച്ചെത്തി. ഈ സമയം ഭാവ വ്യത്യാസങ്ങൾ ഒന്നും തോന്നിയില്ലെന്നും ജീവനക്കാർ ഓർക്കുന്നു. മെയ് മൂന്നിന് റൂമിന് പുറത്ത് ഇറങ്ങിയിരുന്നു.
ഇന്ന് രാവിലെ വാതിലിൽ മുട്ടിയിട്ടും മറുപടി ഉണ്ടായില്ല. തുടർന്ന് ജീവനക്കാരൻ ജനാല തുറന്ന് നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കയ്യിൽ മുറിഞ്ഞ പാടും രക്തവും ഉണ്ടായിരുന്നെന്നും ജീവനക്കാരൻ പറയുന്നു. ജില്ല ആശുപത്രിയിലാണ് നിലവിൽ മൃതദേഹം ഉള്ളത്.
also read: കടുത്തുരുത്തി സ്വദേശി ആതിരയുടെ മരണം: പ്രതി അരുണ്‍ വിദ്യാധരൻ ആത്മഹത്യ ചെയ്‌ത നിലയിൽ
പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. നാളെയാകും പോസ്റ്റ്‌മോർട്ടം നടക്കുക. തുടർന്ന് കോട്ടയത്തേക്ക് കൊണ്ടുപോകും.