കാസർകോട് : കോളജ് വിദ്യാർഥിനി അഞ്‌ജുശ്രീ പാർവതി(19)യുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായും സൂചനയുണ്ട്. അഞ്‌ജുശ്രീയുടെ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
വിദ്യാർഥിനിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും മറ്റെന്തോ വിഷാംശം അകത്തുചെന്നാണെന്നും പോസ്‌റ്റുമോർട്ടം നടത്തിയ സർജൻ പൊലീസിനോട് സൂചിപ്പിച്ചിരുന്നു. എലിവിഷം ആകാനാണ് സാധ്യത കൂടുതൽ എന്നാണ് ലഭിക്കുന്ന വിവരം. ഇതാണ് കരളിനെ ബാധിക്കാനുള്ള കാരണവുമെന്നാണ് നിഗമനം. എലിവിഷത്തെ കുറിച്ച് വിദ്യാര്‍ഥിനി മൊബൈലിൽ സെർച്ച് ചെയ്‌തതിന്‍റെ വിവരങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.
എന്നാൽ രാസപരിശോധനാ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ. ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളും പൊലീസ് അന്വേഷിച്ച് വരികയാണ്. അതേസമയം മരണം പൊലീസ് സമഗ്രമായി അന്വേഷിക്കണമെന്ന് അഞ്‌ജുശ്രീയുടെ കുടുംബം ആവശ്യപ്പെട്ടു. മറ്റ് രണ്ട് കുട്ടികൾക്ക് കൂടി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇത് എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.