കാസര്‍കോട്: പെരുമ്പളയിലെ അഞ്ജുശ്രീ പാര്‍വതിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. എലിവിഷം അകത്തുചെന്നാണ് മരണം സംഭവിച്ചത്. രാസപരിശോധനാഫലവും അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടും പുറത്തുവന്നു.
ആത്മഹത്യ ചെയ്യാനുള്ള കാരണം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. നേരത്തേ ഭക്ഷ്യവിഷബാധയെ തുടർന്നാണ് അഞ്ജുശ്രീ മരിച്ചതെന്ന സംശയം ഉയർന്നിരുന്നു. എന്നാൽ, വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചത് എന്നുള്ള സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ആന്തരിക അവയവങ്ങൾ രാസപരിശോധനക്ക് അയച്ചത്.
കോഴിക്കോട് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് എലിവിഷം അകത്ത് ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും എലിവിഷമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിരുന്നു. ജനുവരി ഏഴിനാണ് 19 കാരിയായ അഞ്ജുശ്രീ മരിച്ചത്. അഞ്ജുശ്രീയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു.
നാട്ടിലെത്തിയത് പുതുവത്സരം ആഘോഷിക്കാൻ: കാസര്‍കോട് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് മരണമെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ ബന്ധുക്കൾ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് സ്ഥിരീകരിക്കുകയുണ്ടായി. ഹോട്ടലിൽ നിന്നുള്ള കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായതായി ബന്ധുക്കൾ അറിയിച്ചതോടെയാണ് ഭക്ഷ്യവിഷബാധ സംശയിച്ചത്.
മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിനിയായിരുന്നു അഞ്‌ജുശ്രീ. ക്രിസ്‌മസ് - പുതുവത്സരാവധി ആഘോഷിക്കാൻ വേണ്ടിയായിരുന്നു 19കാരി നാട്ടിൽ എത്തിയത്. സംഭവത്തിൽ അഞ്ജുശ്രീയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.