കാസര്‍കോട്: ജില്ലയിൽ പുരാരേഖ മ്യൂസിയം സ്ഥാപിക്കുമെന്ന് മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സംസ്ഥാനത്ത് മ്യൂസിയം ഇല്ലാത്ത ജില്ലയാണ് കാസര്‍കോടെന്നതിനാല്‍ അതിന് മുന്‍കൈയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാ സാമാജികര്‍ക്ക് കാസര്‍കോട് ജില്ലാ പഞ്ചായത്ത് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നീലേശ്വരത്ത് മ്യൂസിയം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. നീലേശ്വരം രാജവംശവുമായും അവിടുത്തെ തദ്ദേശ സ്ഥാപന പ്രതിനിധികളുമായും എംഎല്‍എ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാസര്‍കോടിന് തൊട്ടടുത്താണ് മംഗലാപുരം തുറമുഖം. എങ്കിലും തുറമുഖ വകുപ്പിന് പ്രതിവര്‍ഷം 30 കോടിരൂപ വരെ വരുമാനം ജില്ലയില്‍ നിന്നും ലഭിക്കുന്നുണ്ട്. തീരമേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ കൊണ്ടുവരുന്നത് പരിഗണനയിലാണെന്നും പൊന്നാനിയിലെ മണല്‍ ശുദ്ധീകരണശാല പോലെ മറ്റൊരു സ്ഥാപനം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കാസര്‍കോട് കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ കടവുകള്‍ ഉള്ള പ്രദേശമെന്ന നിലയില്‍ പദ്ധതിക്ക് പ്രാധാന്യം കൈവവരുമെന്നും മന്ത്രി അറിയിച്ചു.
കാസര്‍കോട് തളങ്കരയിലെ 4.8 ഏക്കര്‍ സ്ഥലം ഉപയോഗപ്പെടുത്തി ടൂറിസം വകുപ്പുമായി ചേര്‍ന്ന് പ്രദേശത്തെ ടൂറിസം കേന്ദ്രമാക്കും. നിരവധി സ്ഥാപനങ്ങള്‍ വരാനുള്ള പശ്ചാത്തല സൗകര്യമുള്ള ജില്ലയെന്നതിനാല്‍ കാസര്‍കോട് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആലോചിക്കും. ആവശ്യങ്ങള്‍ ഏറെയുള്ള ജില്ലയെന്ന പരിഗണന എന്നുമുണ്ടാകുമെന്നും ആരോഗ്യമേഖലയടക്കം കാസര്‍കോടിന്‍റെ സമഗ്രവികസനത്തിന് ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്നും മന്ത്രി വ്യക്തമാക്കി. എംഎല്‍എമാരായ എ.കെ.എം. അഷ്‌റഫ്, എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലന്‍ എന്നിവര്‍ക്ക് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. കൂടാതെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം നേടിയ ജില്ലാ കലക്‌ടര്‍ ഡോ.ഡി. സജിത് ബാബുവിനെയും മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.
Also Read: കാസർകോട് ടൂറിസ്റ്റ് ബസിൽ നിന്ന് 240 കിലോ കഞ്ചാവ് പിടികൂടി