കാസര്‍കോട്: പാതിവഴിയില്‍ നിര്‍മാണം മുടങ്ങി അഗതി ആശ്രയ പദ്ധതിയിലെ വീടുകള്‍. കാസര്‍കോട് നഗരസഭയിലെ നുള്ളിപ്പാടിയിലാണ് 14 വീടുകളുടെ നിര്‍മാണം പകുതിയില്‍ നിലച്ചിരിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം വീടുകളില്ലാതെ പ്രയാസങ്ങളനുഭവിക്കുന്ന കുടുംബങ്ങള്‍ക്കാണ് ആശ്രയ പദ്ധതി പ്രകാരം വീടുകള്‍ അനുവദിച്ചത്. എന്നാല്‍ വീടുകളുടെ നിര്‍മാണം കോണ്‍ക്രീറ്റ് പണിയോടു കൂടി നിലച്ച സ്ഥിതിയിലാണ്. കാട് മൂടിയ പ്രദേശം ശവപ്പറമ്പിന് തുല്യമായ നിലയിലാണ്. നാല് വര്‍ഷം മുന്‍പ് നിര്‍മാണം ആരംഭിച്ച വീടുകളാണ് പണി പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ നഗരസഭ അധികൃതര്‍ അനാസ്ഥ തുടരുന്നത്.
അതേ സമയം ആശ്രയ പദ്ധതിയിലെ വീടുകള്‍ക്ക് സമീപത്തായി മറ്റൊരു ഭവന പദ്ധതിയുടെ നിര്‍മാണവും നടക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച 30 വീടുകളുടെ നിര്‍മാണം 90ശതമാനവും പൂര്‍ത്തിയായി. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് ഈ വീടുകള്‍ നിര്‍മിക്കുന്നത്. അടുത്ത ഫെബ്രുവരിയില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള വീടുകള്‍ കൈമാറുമെന്ന് അധികൃതര്‍ ഉറപ്പ് പറയുമ്പോഴാണ് ഒരു ഗതിയുമില്ലാത്ത പാവങ്ങള്‍ക്കായുള്ള ഭവന നിര്‍മാണം നഗരസഭ അധികൃതര്‍ പാതി വഴിയില്‍ നിര്‍ത്തിയിരിക്കുന്നത്.