കാസർകോട് : ജയിൽ അല്ലെങ്കിൽ ആത്മഹത്യ... വീട്ടിൽ നിന്നും ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് ഇറങ്ങുമ്പോൾ അബൂബക്കറുടെ മനസിലുണ്ടായിരുന്നത് ഇതുമാത്രം. എന്നാൽ ബദിയടുക്ക എസ്.ഐ വിനോദ് കുമാറിന്‍റെയും ജനമൈത്രി പൊലീസിന്‍റെയും ഇടപെടലിൽ ഇത് രണ്ടും നടന്നില്ല. അബൂബക്കർ സുരക്ഷിതമായി വീട്ടിലെത്തി. പിന്നാലെ ഭക്ഷ്യ കിറ്റുമായി പൊലീസുകാരും. പല കേസുകളിലും പൊലീസിനെതിരെ വലിയതോതിലുള്ള വിമർശനങ്ങൾ ഉയരുമ്പോൾ സാമ്പത്തികമായി തകർന്നയാളെയും കുടുംബത്തെയും സഹായിച്ച ബദിയടുക്ക പൊലീസ് മാതൃകയായി മാറുകയായിരുന്നു.
ഏഴു വർഷം മുമ്പാണ് ചെർളടുക്ക സ്വദേശി അബൂബക്കർ ഒരു പെറ്റി കേസിൽ കുടുങ്ങുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചെന്നായിരുന്നു കേസ്. കല്യാണ വീട്ടിൽ പാചക ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു പൊലീസ് പിടികൂടിയത്. പിഴ ഒടുക്കാത്തതിനാൽ വാറണ്ട് ആയി. വാറണ്ട് നോട്ടീസ് അയച്ചെങ്കിലും കിട്ടിയില്ലെന്ന് അബൂബക്കർ പറയുന്നു. തുടർന്ന് ബദിയടുക്ക പൊലീസ് വിളിച്ച് വിവരമറിയിച്ചു. വീടിന്‍റെ വാടക പോലും അടയ്ക്കാനാകാത്ത സാഹചര്യത്തിൽ പിഴയടക്കാനുള്ള പൈസ ഇല്ലാത്തതിനാൽ ജയിലിൽ കിടക്കാമെന്ന കണക്കുകൂട്ടലിൽ അബൂബക്കർ പൊലീസ് സ്റ്റേഷനിൽ എത്തി. എന്നാൽ സ്റ്റേഷനിൽ വച്ച് അയാൾ തളർന്നുവീഴുകയായിരുന്നു.
ഉടൻ പൊലീസുകാർ ആശുപത്രിയിൽ എത്തിച്ചു. ഭക്ഷണം കഴിക്കാത്തതായിരുന്നു തളർന്നു വീഴാനുള്ള കാരണം. തുടർന്ന് പൊലീസുകാർ തന്നെ അബൂബക്കറിന് ഭക്ഷണം വാങ്ങിക്കൊടുത്തു. പ്രതിയുടെ നിസഹായാവസ്ഥ കണ്ട എസ്.ഐ വിനോദ് കുമാർ അബൂബക്കറുമായി സംസാരിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് അയൽവാസികളിൽ നിന്നും അബൂബക്കറിന്‍റെ ഭാര്യ കടം വാങ്ങിയ പൈസയോടൊപ്പം പൊലീസുകാരും പണം സ്വരൂപിച്ച് കോടതിയിൽ പിഴയടച്ചു. വീട്ടിൽ അരി അടക്കമുള്ള സാധനങ്ങളും ജനമൈത്രി പൊലീസ് എത്തിച്ചു.
അബൂബക്കറിന് വേണം ഒരു ജോലി
കൊവിഡ് കാലത്ത് വിവാഹങ്ങൾ കുറഞ്ഞതോടെ അബൂബക്കറിന് പാചക ജോലി നഷ്ടപ്പെട്ടു. കാലിന് സുഖമില്ലത്തതിനാൽ ഭാരിച്ച ജോലി ചെയ്യാൻ കഴിയില്ല. ഭാര്യക്ക് നട്ടെല്ലിന് ക്ഷതമേറ്റതിനാൽ അവർക്കും ജോലി ചെയ്യാൻ കഴിയില്ല. പത്തൊമ്പതാം വയസിൽ കുടുംബത്തിന്‍റെ പ്രതീക്ഷയായ മകൻ അപകടത്തിൽ മരിച്ചു. മകൾക്ക് അപസ്മാരത്തിന്‍റെ ചികിത്സ തുടരുന്നു. ആറാം ക്ലാസിൽ പഠിക്കുന്ന മകന് ടി.സി കിട്ടാത്തതിനാൽ സ്കൂളിൽ ചേർക്കാൻ കഴിയുന്നില്ല. വാടക വീട്ടിലാണ് അബൂബക്കറിന്‍റെയും കുടുംബത്തിന്‍റെയും താമസം. 90 വയസായ ഉമ്മയുടെ ചികിത്സാ ചെലവും അബൂബക്കറിന്‍റെ ചുമലിലാണ്. ഒരു കാടുവെട്ടുന്ന യന്ത്രം വാടകയ്‌ക്കെങ്കിലും കിട്ടിയിരുന്നെങ്കിൽ ജോലി ചെയ്തു ജീവിക്കാമെന്ന് അബൂബക്കർ നിസഹായനായി പറയുന്നു. അതിനും മറ്റുള്ളവരുടെ സഹായം കൂടിയേ തീരൂ. അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് ഈ കുടുംബം.