കാസർകോട് : അബൂബക്കറിന് ഇനി സ്വന്തമായി അധ്വാനിച്ച് കുടുംബം നോക്കാം. അബൂബക്കറിന് ആവശ്യമായ കാടുവെട്ടി യന്ത്രം കൈമാറി ബദിയടുക്ക പൊലീസും കെ.എം.സി.സിയും. ഇടിവി ഭാരത് വാർത്തയെ തുടർന്നാണ്, ശാരീരിക, സാമ്പത്തിക പ്രയാസം മൂലം ആത്മഹത്യയുടെ വക്കിലെത്തിയ അബൂബക്കറിനെയും കുടുംബത്തെയും സഹായിക്കാൻ സുമനസ്സുകൾ കൈകോർത്തത്.
കൊവിഡ് കാലത്ത് വിവാഹങ്ങൾ കുറഞ്ഞതോടെ അബൂബക്കറിന് പാചക ജോലി നഷ്‌ടപ്പെട്ടു. കാലിന് സുഖമില്ലാത്തതിനാൽ ഭാരിച്ച ജോലി ചെയ്യാൻ കഴിയില്ല. അതിനാൽ ജോലി ചെയ്‌ത് കുടുംബം പോറ്റാൻ വാടകയ്‌ക്കെങ്കിലും ഒരു കാടുവെട്ടി യന്ത്രമായിരുന്നു അബൂബക്കറിന്‍റെ ആകെയുള്ള ആഗ്രഹം.
വാർത്ത ശ്രദ്ധയിൽപ്പെട്ട ബദിയടുക്ക എസ്.ഐ വിനോദ്‌കുമാർ ദുബൈ കെ.എം.സി.സി കുമ്പഡാജെ പഞ്ചായത്ത് ഭാരവാഹികളുമായി സംസാരിച്ചു. തുടർന്ന് അബൂബക്കറിന് ആവശ്യമായ കാടുവെട്ടി യന്ത്രവും, അത്യാവശ്യം ഉള്ള ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റും, യന്ത്രം പ്രവർത്തിക്കാൻ വേണ്ട പെട്രോളും കെ.എം.സി.സി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി നൽകി. സാധനങ്ങൾ വീട്ടിൽ എത്തി എസ്.ഐ വിനോദ്‌കുമാർ കൈമാറുകയും ചെയ്‌തു.
Also Read: ജയിൽ അല്ലെങ്കിൽ ആത്മഹത്യ, അബൂബക്കറിന് തുണയായത് ബദിയടുക്ക പൊലീസ്
ചർളടുക്കയിലെ വാടക വീട്ടിലാണ് അബൂബക്കറും കുടുംബവും കഴിയുന്നത്. ശാരീരിക, സാമ്പത്തിക പ്രയാസം മൂലം യഥാസമയം കോടതിയിൽ ഹാജരാവാതെ വാറണ്ടായ അബൂബക്കറിനെ കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കുന്ന വേളയിൽ പ്രതിയുടെ ബുദ്ധിമുട്ട് ബദിയടുക്ക പൊലീസ് മനസിലാക്കിയിരുന്നു. തുടർന്ന് കോടതിയിലടക്കാനുള്ള പണം ബദിയടുക്ക എസ്.ഐ വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കയ്യിൽ നിന്നെടുത്ത് നൽകുകയായിരുന്നു.
തുടർന്ന് അബൂബക്കറിന്‍റെ വാടക വീട് സന്ദർശിച്ചപ്പോൾ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ ജനമൈത്രി പൊലീസ് അന്നുതന്നെ ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റ് കൈമാറുകയും ചെയ്‌തിരുന്നു. മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ മാഹിൻ കേളോട്ട്, ദുബൈ കെഎംസിസി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ജനമൈത്രി ബീറ്റ് ഓഫിസർ അനൂപ്, ചന്ദ്ര കാന്ത്, പൊതു പ്രവർത്തകൻ റിയാസ് മാന്യ എന്നിവർ യന്ത്രം കൈമാറുന്ന ചടങ്ങിൽ സംബന്ധിച്ചു.