കാസർകോട്: ഒറ്റ നോട്ടത്തിൽ പഴയ ഒരു റെയിൽവേ സ്റ്റേഷനും ട്രെയിനിന്‍റെ ഒരു കോച്ചും. എന്നാൽ സൂക്ഷിച്ച് നോക്കിയാൽ സംഗതി മനസിലാകും. ഇത് റെയിൽവേ സ്റ്റേഷനും ട്രെയിനിന്‍റെ കോച്ചുമല്ല ഒരു കെട്ടിടം ആണെന്ന്. കാഴ്‌ചക്കാരില്‍ കൗതുകം നിറയ്ക്കുന്ന 'ആച്ച കോച്ച്' എന്ന ഈ ട്രെയിൻ വീട് വ്യത്യസ്‌തമാകുകയാണ് (Aacha Coach Building In Model Of Train And Railway Station).
റിട്ട. റെയിൽവേ ഉദ്യോഗസ്ഥനായ ചാലിങ്കാലിലെ ടി ദാമോദരനാണ് (Chalinkalil T Damodaran) ഈ ട്രെയിൻ വീടിനുപിന്നില്‍. താൻ ഇത്ര കാലം ജോലി ചെയ്‌ത ഇന്ത്യന്‍ റെയിൽവേയോടുള്ള (Indian Railway) കൂറും, അമ്മ ആച്ചയോടുമുള്ള അളവറ്റ സ്നേഹവുമാണ് ആശയത്തിനു പിന്നിൽ. 74 കാരനായ ദാമോദരന്‍ കെട്ടിടത്തിന്‍റെ പണി തുടങ്ങിയപ്പോൾ നാട്ടുകാർ വട്ടാണെന്ന് പറഞ്ഞു പരിഹസിച്ചു. ഇപ്പോൾ അതേ നാട്ടുകാർ ദാമോദരന്‍റെ കഴിവിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ്.
ആച്ച കോച്ച് എന്ന തീവണ്ടി വീട്ടില്‍ നാല് കുടുംബങ്ങൾക്ക് കഴിയാം. താഴെയും മുകളിലുമായി രണ്ടു വീതം മുറികളുണ്ട്. ഈ കെട്ടിടത്തിന്‍റെ ഒന്നാം നില റെയിൽവേയുടെ സ്ലീപ്പർ കോച്ചിന്‍റെ (Sleeper Coach) മാതൃകയിലാണ്. ട്രെയിൻ നമ്പർ ദാമോദരന്‍റെ ഫോൺ നമ്പറും. താഴത്തെ നില റെയിൽവേ സ്റ്റേഷന്‍റെ മാതൃകയിലാണ് പണിതിരിക്കുന്നത്.
1977 ൽ മുംബൈ വെസ്റ്റേൺ റെയിൽവേയിൽ (Western Railway) ട്രെയിൻ എക്‌സാമിനറായാണ് ദാമോദരൻ റെയില്‍ ജീവിതം തുടങ്ങുന്നത്. തുടര്‍ന്ന് 22 വർഷത്തെ സേവനത്തിനു ശേഷം 1999 ൽ സതേൺ റെയിൽവേയിലെ (Southern Railway) ജൂനിയർ എൻജിനീയറായാണ് വിരമിച്ചത്. പിന്നീടാണ് ഒരു ട്രെയിന്‍ ക്വാർട്ടേഴ്‌സ് എന്ന ആശയം ഉടലെടുക്കുന്നത്.
ആദ്യം ഒരു പാലത്തിനു മുകളിൽ ട്രെയിൻ കോച്ച് നിര്‍മ്മിക്കാനായിരുന്നു ദാമോദരന്‍റെ പദ്ധതി. പിന്നീട് അത് മാറ്റി റെയിൽവേ സ്റ്റേഷനും ട്രെയിനുമാക്കി. മൂന്നു വർഷം കൊണ്ടാണ് കെട്ടിടത്തിന്‍റെ പണി പൂർത്തിയാക്കിയത്. ട്രെയിനിന്‍റെ സ്പ്രിങ്ങും, വാതിലും, ജനാലയും അടക്കം ഒരു ട്രെയിൻ കോച്ച് അതുപോലെ തന്നെ പകർത്തി വെച്ചിട്ടുണ്ട് ദാമോദരൻ.
വിരമിച്ചതിനുശേഷം ചാലിങ്കാൽ–രാവണീശ്വരം റോഡിൽ (Chalinkal Ravaneeshwaram Road) ചെറിയൊരു പലവ്യജ്ഞനക്കട നടത്തുന്ന ദാമോദരൻ കടയുടെ സമീപത്തായാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. എൻജിനിയറെ സമീപിച്ച് പ്ലാൻ തയാറാക്കിയെങ്കിലും തീവണ്ടിയുടെയും സ്റ്റേഷന്‍റെയും മാതൃകയിലാകണമെന്ന ആശയം ദാമോദരന്‍റേതു മാത്രമായിരുന്നു.
Also Read: പ്ലാസ്റ്റിക് റീസൈക്ലിങ്ങിന്‍റെ വേറിട്ട മാതൃക ; 4000ത്തിലധികം കുപ്പികൾ ചേർത്തൊരു വീട്
വീട്ടിലെ ദാരിദ്ര്യത്തിനിടയിലും തന്നെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ ബിരുദധാരിയാക്കാൻ കഷ്‌ടപ്പെട്ട അമ്മ കേളോത്ത് കുന്നുമ്മൽ ആച്ചയോടുള്ള സ്നേഹമാണ് ഈ ‘തീവണ്ടിക്ക്’ ആച്ച കോച്ച് എന്ന പേരിടാൻ കാരണം. ദാമോദരന് 75 വയസ്സ് പൂർത്തിയാകുന്ന അടുത്ത ഫെബ്രുവരി 24 ന് ആഘോഷപൂർവം ഈ ട്രെയിന്‍ വീട്ടില്‍ ഗൃഹപ്രവേശത്തിന് പച്ചക്കൊടി വീശാനാണ് തീരുമാനം.
ചെറിയൊരു ശില്‍പ്പികൂടിയായ ദാമോദരൻ മരത്തിന്‍റെ വേരുകളിൽ നിന്നു ശിൽപങ്ങളുണ്ടാക്കുന്നതിലും മികവുതെളിയിച്ചിട്ടുണ്ട്. ഭാര്യ കലാവതിയും മക്കളായ ദീപകും ദീപ്‌തിയും ദാമോദരന്‍റെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പിന്തുണയുമായി ഒപ്പമുണ്ട്. ഏതായാലും ദാമോദരന്‍റെ ആച്ച കോച്ച് കാണാൻ നിരവധി പേരാണ് ചാലിങ്കാലിലേക്ക് എത്തുന്നത്.