കാസര്‍കോട്: ഒരു എൻസിപി എംഎൽഎ സ്വാർഥ താൽപര്യം സംരക്ഷിക്കുവാൻ മറുഭാഗത്തേക്ക് മാറി പോയി എന്നതിലുപരി മാണി സി.കാപ്പൻ എൽഡിഎഫ് വിട്ടത് യാതൊരു ചലനവും ഉണ്ടാക്കില്ലെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. കാല് മാറി പുറത്ത് പോകുന്നവർ സ്വന്തം മേൽവിലാസം ഉണ്ടാക്കാനായി പലതും ചെയ്യമെന്നും ഇത് ജനങ്ങൾ അംഗീകരിക്കില്ലെന്നും വിജയരാഘവൻ കാസർകോട് പറഞ്ഞു.
വികസന മുന്നേറ്റ യാത്രക്കിടെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിജയരാഘവൻ നിലപാട് വ്യക്തമാക്കിയത്. എൻസിപി ദേശീയ രാഷട്രീയ പാർട്ടിയാണെന്നും ഇടത് മുന്നണിയുടെ ഭാഗമാണെന്നും പാർട്ടി ഇടത് മുന്നണിയിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഒരു തരത്തിലുള്ള തൊഴിൽ നിരോധനവും ഇല്ലെന്നും അസാധ്യമായ കാര്യങ്ങൾക്ക് മേൽ ജനങ്ങളെ അണിനിരത്തിയുള്ള ശ്രമങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്നും പൗരത്വ ഭേദഗതി, ജമ്മു കാശ്മീർ വിഷയം തുടങ്ങിയ ന്യൂനപക്ഷ വിരുദ്ധ നയങ്ങളിൽ യുഡിഎഫിന് കൃത്യമായി നിലപാടെടുക്കാൻ കഴിയുന്നില്ലെന്നും എ. വിജയരാഘവൻ പറഞ്ഞു. കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കില്ലെന്നും ആർഎസ്എസിന്‍റെ വർഗീയതയെ നേരിടേണ്ടത് ജമാഅത്തെയുടെയും എസ്‌ഡിപിഐയുടെയും വർഗീയത കൊണ്ടല്ലെന്നും വിജയരാഘവൻ പറഞ്ഞു.