കണ്ണൂർ: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. മമ്പറത്ത് നിന്നാരംഭിച്ച മാർച്ച് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം പടിഞ്ഞിറ്റാംമുറിയിൽ വച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കെ.സുധാകരൻ എം.പി.മാർച്ച് ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പിൽ എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു.
പ്രവർത്തകർ പൊലീസ് തീർത്ത ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഭവത്തിൽ അഞ്ച് പ്രവർത്തകർക്ക് പരിക്കേറ്റു. തലശ്ശേരി ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മാർച്ചിനെ നേരിട്ടത്.