കണ്ണൂര്‍ : തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസില്‍ യുവതിക്ക് നേരെ രണ്ടംഗ സംഘത്തിന്‍റെ ആക്രമണം. യുവതിയെ ആക്രമിച്ച സംഘം മാലപൊട്ടിച്ച് കടന്നു. കണ്ണൂർ പഴയങ്ങാടി മണ്ടൂർ സ്വദേശിനിയായ 23 കാരിയാണ് അതിക്രമത്തിന് ഇരയായത്.
ബുധനാഴ്‌ച പുലര്‍ച്ചെ ട്രെയിനിലെ ശൗചാലയത്തില്‍ പോയി മടങ്ങവെയാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. യുവതിയെ ആക്രമിച്ച പ്രതികള്‍ മാല കവര്‍ന്ന ശേഷം ട്രെയിനില്‍ നിന്ന് ഇറങ്ങി ഓടി. ശൗചാലയത്തില്‍ പോയി തിരികെ വരുമ്പോള്‍ ഒരാള്‍ പെട്ടെന്ന് കൈപിടിച്ച് തിരിച്ച് മുഖം പൊത്തിപ്പിടിക്കുകയും പിന്നാലെ മാല പൊട്ടിച്ചെടുക്കുകയുമാണ് ചെയ്‌തതെന്നാണ് യുവതിയുടെ മൊഴി.
ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ് ആക്രമണം ഉണ്ടായതെന്നാണ് പരാതിക്കാരിയുടെ നിഗമനം. ശൗചാലയത്തിലേക്ക് പോയപ്പോഴും അക്രമികള്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കി. അക്രമികളുമായുള്ള മല്‍പ്പിടുത്തത്തില്‍ യുവതിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
പരാതി അറിയിച്ചിട്ടും പഴയങ്ങാടി സ്റ്റേഷനില്‍ ഇറങ്ങും വരെ ടിടിആറോ പൊലീസോ എത്തിയില്ലെന്നും ആരോപണമുണ്ട്. സംഭവത്തില്‍ ആര്‍പിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ട്രെയിന്‍ തീവയ്പ്പില്‍ തെളിവെടുപ്പ് : ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് ഫൈസിയെ അന്വേഷണ സംഘം സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അക്രമം നടന്ന ട്രെയിനിന്‍റെ ബോഗികളിലും പ്രതി എത്തിയ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍റെ ഒന്നാം പ്ലാറ്റ്‌ഫോമിലുമായിരുന്നു തെളിവെടുപ്പ്. കനത്ത പൊലീസ് സുരക്ഷയോടെയായിരുന്നു അന്വേഷണ സംഘം നടപടി പൂര്‍ത്തീകരിച്ചത്.
ഇന്നലെ വൈകുന്നേരം നാല് മണിക്കായിരുന്നു അന്വേഷണ സംഘം പ്രതിയുമായി കണ്ണൂരില്‍ എത്തിയത്. ആദ്യം തീവയ്പ്പുണ്ടായ ട്രെയിനിന്‍റെ ഡി1 കോച്ചിലായിരുന്നു തെളിവെടുപ്പ്. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം ഡി2 കോച്ചിലേക്കെത്തിയത്.
തെളിവെടുപ്പിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിയേയും ട്രെയിന്‍റെ കോച്ചിലെത്തിച്ചിരുന്നു. പ്രതി ഒളിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന ഒന്നാം പ്ലാറ്റ്‌ഫോമിന്‍റെ ഭാഗത്തും തെളിവെടുപ്പ് നടത്തി. അതേസമയം, കൃത്യം താന്‍ ചെയ്‌തതാണെന്നും ബാഗ് തന്‍റെ സ്വന്തം ആണെന്നും മാത്രമാണ് ഷാറൂഖ് മൊഴി നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ മറ്റ് തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന. അതിനിടെ പ്രതിയായ ഷാറൂഖ് സെ്യ്‌ഫി ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് യാത്ര തിരിച്ചത് ഒറ്റയ്‌ക്കായിരുന്നുവെന്നും അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഒരു സ്വകാര്യ ബാങ്ക് അക്കൗണ്ട് മാത്രമാണ് ഇയാള്‍ക്ക് സ്വന്തമായി ഉള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തില്‍ തീവ്രവാദ ബന്ധം ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
More Read: ട്രെയിൻ തീവയ്‌പ്പ് കേസ്: പ്രതിയുമായി പൊലീസ് കണ്ണൂരിലെത്തി തെളിവെടുപ്പ് നടത്തി
മുന്‍പ്, പല പ്രാവശ്യം തെളിവെടുപ്പിനായി അന്വേഷണ സംഘം തയ്യാറായിരുന്നെങ്കിലും പ്രതി ആരോഗ്യപ്രശ്‌നങ്ങള്‍ കാണിച്ചത് മൂലം വൈകുകയായിരുന്നു. എന്നാൽ, അവസാനം നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്‌ടര്‍മാര്‍ കണ്ടെത്തി. ഇതിന് പിന്നാലെയായിരുന്നു തെളിവെടുപ്പ്. കണ്ണൂരിലെ നടപടി പൂര്‍ത്തിയാക്കി മടങ്ങിയ അന്വേഷണ സംഘം ഷൊര്‍ണൂരിലും പ്രതിയെ എത്തിച്ചേക്കും.