കണ്ണൂര്‍: റോഡ് നിയമങ്ങൾ പാലിക്കാത്തവർ കർശന നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരില്‍ ദേശീയ റോഡ് സുരക്ഷാ വാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് സുരക്ഷയും നിയമങ്ങളും വിദ്യാർഥികൾക്ക് പഠന വിഷയമാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു. അത്യാധുനിക സംവിധാനങ്ങളോടെയുള്ള പരിശോധനാ കാറുകളുടെ ഫ്ലാഗ് ഓഫ് കർമ്മവും മുഖ്യമന്ത്രി നിർവഹിച്ചു.
റോഡപകടങ്ങൾ കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം. ഓരോ വർഷവും അപകടങ്ങള്‍ കുറയ്ക്കാൻ കഴിയണണം. അതിനായി റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കുമെന്നും നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'നിരത്തിലെ ജാഗ്രത കുടുംബത്തിന്‍റെ സുരക്ഷക്ക് ' എന്ന മുദ്രാവക്യം ഉയര്‍ത്തിയാണ് ജനുവരി 11 മുതല്‍ 17 വരെ റോഡ് സുരക്ഷാവാരമായി ആചരിക്കുന്നത്. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവയുടെ ഉപയോഗത്തെക്കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവാന്മാരാക്കുകയും ഉറക്കമൊഴിച്ചുള്ള രാത്രിയാത്രയും ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങും ഒഴിവാക്കുകയുമാണ് റോഡ് സുരക്ഷാവാരത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആര്‍. ശ്രീലേഖ, റോഡ് സേഫ്റ്റി കമ്മിഷണര്‍ എന്‍. ശങ്കര്‍ റെഡ്ഡി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.