കണ്ണൂർ: കണ്ണൂരില്‍ തെരഞ്ഞെടുപ്പിന് ഒരുക്കിയത് വിപുലമായ വെബ് കാസ്റ്റിങ് സംവിധാനവും പോലീസ് സുരക്ഷയും. ആകെയുള്ള 3137 ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തി. സംസ്ഥാനത്ത് ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ ഒരു ജില്ലയിലെ മുഴുവൻ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തുന്നത്. ഇരട്ടവോട്ട്, കള്ളവോട്ട് ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അത്തരക്കാരെ കണ്ടുപിടിക്കുന്നതിനും നിയമ നടപടി സ്വീകരിക്കുന്നതിനും വെബ് കാസ്റ്റിങ്ലൂടെ സാധിക്കുമെന്ന് ജില്ല കലക്ടർ ടിവി സുഭാഷ് പറഞ്ഞു.
കേന്ദ്ര സായുധ സേനയുടെ 9 കമ്പനിയാണ് കണ്ണൂര്‍ സിറ്റി പോലീസിന് കീഴില്‍ മാത്രം നിയമസഭ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ളത്. ഓരോ സ്റ്റേഷനിലും ലോ ആന്‍ഡ് ഓര്‍ഡര്‍ പട്രോളിങ്ങിനായി 2 വീതം വാഹനങ്ങളും,ഒരു സ്ട്രൈക്കര്‍ വാഹനവും ഒരുക്കിയിട്ടുണ്ട്. 35 സുരക്ഷ പട്രോള്‍ വാഹനങ്ങളും 85 ഗ്രൂപ്പ് പട്രോള്‍ വാഹനങ്ങളുമുണ്ടാകും.
സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 9 ഡിവൈഎസ്പിമാര്‍, 26 ഇന്‍സ്പെക്ടമാർ, 212 സബ്ബ് ഇന്‍സ്പെക്ടര്‍മാര്‍ 1730 സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, കേന്ദ്ര സായുധ സേനയുടെ 648 അംഗങ്ങള്‍, 1111 സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.