കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സബ് ജൂനിയർ ബോയ്‌സിന്‍റെ 4x100 മീറ്റർ റിലേയില്‍ 18 വർഷത്തെ റെക്കോർഡ് തകർത്ത് വയനാട് ജില്ല ആദ്യ സ്വർണ്ണം നേടി. വിമലും കൂട്ടുകാരുമാണ് വയനാടിനെ പൊന്നണിയിച്ചത്. പോയിന്‍റ് നിരയിൽ പിന്നിലായ വയനാട് 18 വർഷം മുമ്പ് തിരുവനന്തപുരം ജില്ല നേടിയ റെക്കോർഡാണ് റിലേയിൽ തകർത്തത്. കായികാധ്യാപകന്‍ ഗിരീഷിന്‍റെ കീഴിലാണ് വിദ്യാര്‍ഥികളുടെ പരിശീലനം. പാടത്തും ചെളിയിലും റോഡിലുമെല്ലാം പരിശീലനം നടത്തിയ താരങ്ങൾക്ക് സിന്തറ്റിക് ട്രാക്കിലൂടെയുള്ള മത്സരം അത്ഭുതകരമായിരുന്നു. സ്വന്തം ജില്ലയ്ക്ക് വേണ്ടി എങ്ങനെയെങ്കിലും സ്വർണ്ണം നേടുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും താരങ്ങൾ പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന 100 മീറ്റർ ഓട്ടത്തിൽ രമേശ് എന്ന താരത്തിൽ നിന്നും സ്വർണ്ണം പ്രതീക്ഷിച്ച വയനാടിന് മത്സരം തുടങ്ങാൻ വൈകിയത് തിരിച്ചടിയാവുകയായിരുന്നു. 3 മണിക്ക് നടക്കേണ്ട മത്സരം ഏറെ വൈകി നടന്നതോടെ രമേശിന് തുടക്കം തന്നെ പിഴച്ചു .മല്‍സരത്തില്‍ രമേശ് 3ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. അത് വലിയ വേദനയുണ്ടാക്കി എന്നും അടുത്ത മത്സരത്തിൽ മികച്ച പ്രകടനം നടത്തും എന്നും താരങ്ങളിലൊരാളായ രമേശ് പറഞ്ഞു. മികച്ച പരിശീലകരുടെ കീഴിലാണ് കായിക താരങ്ങളെങ്കിലും പരിശീലനത്തിനുള്ളിലുള്ള പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെയാണ് താരങ്ങള്‍ വിജയം കൊയ്യുന്നത്.