കണ്ണൂർ: പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ഓഡിറ്റോറിയം ലോഡ്‌ജ് കോംപ്ലക്‌സിൽ നിന്ന് പുറംതള്ളുന്ന മാലിന്യങ്ങൾ പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ യാതൊരുവിധ മുന്നൊരുക്കങ്ങളും ഇല്ലാതെയാണ് 2021 നവംബർ മുതൽ ഹോട്ടലും ലോഡ്‌ജുകളും ഓഡിറ്റോറിയങ്ങളുമടങ്ങുന്ന കോംപ്ലക്‌സ് പ്രവർത്തിക്കുന്നതെന്നാണ് ആരോപണം. നിരവധി കുടുംബങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശത്താണ് കോംപ്ലക്‌സ് സ്ഥിതി ചെയ്യുന്നത്.
മാലിന്യ സംസ്‌കരണ പ്ലാൻ്റുണ്ടെങ്കിലും മലിനജലം റോഡിലും പൊതുവഴികളിലും വീട്ടുപറമ്പിലും കിണറുകളിലും എത്തുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. തൊട്ടടുത്ത വീടുകളിലും നൃത്തവിദ്യാലയത്തിലും ഖാദി കേന്ദ്രത്തിലും ദുർഗന്ധം അസഹ്യമാണ്. ഖരമാലിന്യങ്ങൾ സംസ്‌കരിക്കാതെ സ്ഥാപനത്തിൻ്റെ പരിസരത്ത് തന്നെ കുഴിച്ചിടുകയാണെന്നും ആക്ഷേപമുണ്ട്.
കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തി പയ്യന്നൂർ നഗരസഭയിൽ പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു വിധ പ്രതികരണവും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.