കണ്ണൂർ: കണ്ണൂരിൽ ദേശീയ പാത നിർമ്മാണം വലിയ മുന്നേറ്റത്തോടെ പുരോഗമിക്കുമ്പോൾ അതിനായി അഹോരാത്രം പണിയെടുക്കുന്ന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ പ്രദേശവാസികൾക്ക് ദുരിതമാകുന്നു.(Waste issue in construction workers camp). ദേശീയപാത നിർമ്മാണ തൊഴിലാളികൾ താമസിക്കുന്ന കണ്ണൂർ പിലാത്തറ കുളപ്പുറം ഒറന്നിടുത്ത് ചാലിലെ തൊഴിലാളി ക്യാമ്പുകളിലെ മാലിന്യ പ്രശ്‌നമാണ് പ്രദേശത്തെയാകെ ഭീതിയിലാക്കുന്നത്. സമീപപ്രദേശങ്ങളില ജനങ്ങൾക്കും ക്യാമ്പിലെ തൊഴിലാളികൾക്കും ഒരുപോലെ ഭീഷണിയാവുകയാണ് ഇവിടെ നിന്ന് പുറംതള്ളുന്ന മാലിന്യങ്ങൾ.
മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ കീഴിൽ പണിയെടുക്കുന്ന മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പാണ് കക്കൂസ് മാലിന്യവും അഴുക്കുവെള്ളവും പ്ലാസ്റ്റിക് മാലിന്യവും നിറഞ്ഞു നാട്ടുകാരെ ദുരിതത്തിൽ ആക്കുന്നത്. വിളയാങ്കോട് ദേശീയപാതയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ക്യാമ്പിൽ 500 ഓളം തൊഴിലാളികൾ മാസങ്ങളായി താമസിക്കുന്നുണ്ട്. ഷീറ്റ് കൊണ്ട് ചുറ്റും മറച്ച ക്യാമ്പിനുള്ളിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുകയും ദുർഗന്ധം നാടാകെ പരക്കുകയും ചെയ്‌തതോടെ നാട്ടുകാർ വൻ പ്രതിഷേധത്തിലാണ്.
ദേശീയ പാത വികസനവും ആയി ബന്ധപെട്ട വൻകിട വാഹനങ്ങൾ ഇത് വഴി കടന്നു പോകുന്നതോടെ പ്രദേശത്ത് പൊടി ശല്യവും രൂക്ഷമായി. പ്രദേശത്തെ റോഡുകൾ എല്ലാം കരാറുകാരുടെ വാഹനങ്ങളുടെ ഓട്ടത്തിൽ തകർന്നു കിടക്കുകയാണ്. പൊടി ശല്യം തടയാൻ പമ്പ് ചെയ്യുന്നത് അതിലേറെ ഭീകരം ആണ്. ക്യാമ്പിനുള്ളിൽ കുളിക്കുകയും മറ്റും ഉപയോഗിക്കുന്ന കുഴികളിൽ നിറയുന്ന അഴുക്ക് വെള്ളമാണ് പൊടി ശല്യം രൂക്ഷമായതോടെ റോഡിൽ പമ്പ് ചെയ്യുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
സമീപത്തെ കിണർ ഇതുവഴി മലിനമാകുന്നതായി പരിസരവാസികൾ പറയുന്നു. മാലിന്യ പ്രശ്‌നം രൂക്ഷമായതോടെ നാട്ടുകാർ പരാതിയുമായി പല തവണ അധികൃതരെ സമീപിച്ചു കഴിഞ്ഞു. എംപി, എംഎൽഎ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവർ നിരവധി തവണ സ്ഥലത്തെ പരിഹാരമുണ്ടാക്കാൻ ആവശ്യപ്പെട്ടെങ്കിലും ഒരു മാറ്റവും ഉണ്ടായില്ല. പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും കരാറുകാരുടെ ഓഫിസ് ഉപരോധിക്കുക അടക്കം ചെയ്തെങ്കിലും പ്രശ്‌നം പരിഹാരത്തിന് കമ്പനി ഇത് വരെയും മുന്നോട്ട് വന്നിട്ടില്ല.
മാലിന്യ പ്രശ്‌നത്തിനെതിരെ ജനകീയ സമര സമിതി രൂപീകരിച്ചു അനിശ്ചിത കാല സമരത്തിന് ഒരുങ്ങാൻ തയ്യാറാവുകയാണ് ഇവർ. ഇതിന്‍റെ ആദ്യ പടിയായി കമ്പനിയിലേക്ക് മാർച്ച് ഉൾപ്പടെ നടത്തുമെന്നും ഇവർ പറയുന്നു.
വയോജന കേന്ദ്രത്തോട് ചേർന്ന് മാലിന്യ സംഭരണ കേന്ദ്രം: വയോജന കേന്ദ്രത്തോട് ചേർന്ന് മാലിന്യ സംഭരണ കേന്ദ്രം നിർമിച്ച ചെങ്ങോട്ടുകാവ് പഞ്ചായത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നാലാം വാർഡിലെ കച്ചേരിപ്പാറയിലാണ് ജനകീയ പ്രതിഷേധം ശക്തമായത്. ഭക്ഷണ നിർമാണ യൂണിറ്റ് തുടങ്ങുന്നു എന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ചാണ് കെട്ടിട നിർമ്മാണം തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. വീട് നിർമ്മാണത്തിന് നാല് ലക്ഷം രൂപ മാത്രം അനുവദിക്കുന്ന സ്ഥാനത്ത് 14 ലക്ഷം രൂപ ചെലവാക്കി കെട്ടിടം നിർമിച്ചതിലും ദുരൂഹതയുണ്ടെന്ന് സമരസമിതി അഭിപ്രായപ്പെട്ടു.
ALSO READ: വയോജന കേന്ദ്രത്തോട് ചേർന്ന് മാലിന്യ സംഭരണ കേന്ദ്രം, ചെങ്ങോട്ട്‌കാവ് പഞ്ചായത്തിനെതിരെ പ്രതിഷേധം ശക്തം