കണ്ണൂർ: എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്‍റെ സംസ്കാര ചടങ്ങിനിടെ തളിപ്പറമ്പിലെ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ വ്യാപക അക്രമം. തൃച്ചംബരം പട്ടപ്പാറയിലെയും പനങ്ങാട്ടൂരിലെയും പ്രിയദർശിനി മന്ദിരങ്ങൾ പൂർണമായും അടിച്ചു തകർത്തു. തളിപ്പറമ്പിലെ കോൺഗ്രസ് മന്ദിരത്തിനു നേരെ കല്ലെറിയുകയും കൊടിയും കൊടി മരവും നശിപ്പിക്കുകയും ചെയ്തു.
കപാലികുളങ്ങരയിലെ രാജീവ് ജി ക്ലബ്ബിലെ ഗാന്ധി പ്രതിമയും തകർത്തു. സംഭവങ്ങൾക്ക് പിന്നിൽ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ALSO READ:ധീരജ് വധം: പ്രതികള്‍ ഈ മാസം 25 വരെ റിമാൻഡില്‍
ഇടുക്കിയിൽ കുത്തേറ്റ് മരണപ്പെട്ട ധീരജിന്‍റെ മൃതദേഹം ബുധനാഴ്ച പുലർച്ചയോടെയാണ് തൃച്ചംബരം പട്ടപ്പാറയിലെ വീട്ടിലേക്ക് എത്തിച്ചത്. മൃതദേഹം എത്തിച്ച സമയത്താണ് ഒരു സംഘം പട്ടപ്പാറയിലെ പ്രിയദർശിനി മന്ദിരത്തിനു നേരെ ആക്രമണം നടത്തിയത്. ജനലുകൾ, വാതിൽ, ഷെൽഫ്, മേശ തുടങ്ങി എല്ലാ സാധനസാമഗ്രികളും അടിച്ചു തകർത്തു.
പൊലീസ് നോക്കി നിൽക്കെയാണ് സിപിഎം പ്രവർത്തകർ വ്യാപക അക്രമം അഴിച്ചു വിട്ടതെന്ന് കോൺഗ്രസ് ആരോപിച്ചു. ധീരജിന്‍റെ കൊലപാതകം നടന്ന തിങ്കളാഴ്‌ചയും കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു.