കണ്ണൂർ: കേരളത്തിൽ ആദ്യത്തെ ഇടതുപക്ഷ തുടർഭരണം ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. വടക്കൻ മേഖല 'വികസന മുന്നേറ്റ യാത്ര'ക്ക് തളിപ്പറമ്പിൽ നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയുടെ രാവിലെയുള്ള യോഗ കഴിഞ്ഞാൽ പെട്രോളിന്‍റെ വിലവർധിപ്പിക്കും എന്നതൊരു വസ്തുതയായി മാറിയെന്ന് വിജയരാഘവൻ പരിഹസിച്ചു. ഇ.എം.എസ് മുതൽ ഇങ്ങോട്ട് കേരളത്തിൽ തുടർഭരണം ഉണ്ടായിട്ടില്ല. കേരളത്തിലെ ആദ്യത്തെ ഇടതുപക്ഷ തുടർഭരണമാണ് സംഭവിക്കാൻ പോകുന്നതെന്നും വിജയരാഘവൻ പറഞ്ഞു. ഇതിന് തുരങ്കം വെയ്ക്കാൻ ശ്രമങ്ങൾ ഉണ്ടാകുമെന്നും അതിൽ ഇടതുപക്ഷ പ്രവർത്തകർ വീണു പോകരുതെന്നും വിജയരാഘവൻ പറഞ്ഞു.
തളിപ്പറമ്പ് ടൗണിൽ നിന്നും ബൈക്ക് റാലി, വാദ്യമേളങ്ങളോടെയാണ് വിജയരാഘവനെ പാർട്ടി പ്രവർത്തകർ തളിപ്പറമ്പിൽ സ്വീകരിച്ചത്. യോഗത്തിൽ സംഘാടക സമിതി ചെയർമാൻ ജെയിംസ് മാത്യു എം.എൽ.എ അധ്യക്ഷത വഹിച്ചു, പി.ടി ജോസ്, കെ ലോഹിയ, കെപി രാജേന്ദ്രൻ, കെ.പി സഹദേവൻ, കെ.പി മോഹനൻ, പികെ ശ്യാമള, വി.വി കണ്ണൻ, പി.മുകുന്ദൻ, ടി.കെ ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.