കണ്ണൂർ: പാപ്പിനിശേരി റെയിൽവേ മേൽപ്പാലത്തിൽ വിജിലൻസ് പരിശോധന നടത്തി. പാലത്തിൽ വിള്ളൽ കണ്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. പാലാരിവട്ടം പാലം നിർമിച്ച ആർഡിഎസ് പ്രൊജക്റ്റ്സാണ് പാപ്പിനിശ്ശേരി പാലവും നിർമിച്ചത്. വി. കെ. ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ നിർമാണം ആരംഭിച്ച പാലം 2018 നവംബറിൽ മന്ത്രി ജി. സുധാകരൻ ആണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പാലത്തിന്‍റെ എക്സ്പാൻഷൻ ജോയിന്‍റിലെ കോൺക്രീറ്റ് സീലിങ് പൊളിഞ്ഞ് വിള്ളൽ കണ്ടെത്തി. പാലത്തിന്‍റെ സ്ലാബുകൾ കൂട്ടിയോജിപ്പിക്കുന്ന എക്സ്പാൻഷൻ ജോയിന്‍റുകളിലാണ് വിള്ളൽ.
ജോയിന്‍റുകളിൽ കമ്പികൾ പുറത്തുവന്ന സ്ഥലം സിമന്‍റ് ഇട്ട് അടച്ചിരുന്നു. പാലാരിവട്ടം പാലം കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയതോടെയാണ് വിജിലൻസ് പാപ്പിനിശ്ശേരിയിൽ സ്വന്തംനിലയ്ക്ക് വിവരശേഖരണം തുടങ്ങിയത്. കഴിഞ്ഞ മാസമാണ് പരിശോധനയ്ക്ക് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടത്. കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വിജിലൻസിന്‍റെയും പൊതുമാരാമത്തിന്‍റെയും എഞ്ചിനിയറിങ്ങ് വിഭാഗവും കണ്ണൂർ എഞ്ചിനിയറിങ്ങ് കോളജിൽ നിന്നുള്ള വിദഗ്ദ്ധ സംഘവും പരിശോധനയിൽ പങ്കെടുത്തു.