കണ്ണൂർ : കണ്ണൂർ ജില്ലയിലെ കുറുമാത്തൂർ പഞ്ചായത്തിൽ ഉൾപെടുന്ന മുയ്യം ഗ്രാമം. പ്രകൃതി ഭംഗികൊണ്ടും വയലുകൾ കൊണ്ടും സമ്പന്നമാണ് ഈ ഗ്രാമം. കൃഷിയെ സ്നേഹിക്കുന്ന ഒരു കൂട്ടം നല്ല മനസുകൾ പാർക്കുന്ന ഇടം.
ഈ ഗ്രാമത്തിലെ റോഡരികിൽ കാണുന്ന കാഴ്‌ചകൾ വളരെ മനോഹരമാണ്. വയലിനോട് ചേർന്നുകിടക്കുന്ന റോഡരികിൽ നിറയെ ചെറുകിട പച്ചക്കറി തട്ടുകടകൾ. ഇവിടുത്തെ വയലുകളിൽ നിന്ന് പറിച്ചെടുക്കുന്ന പച്ചക്കറികൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുകയാണ് നാട്ടുകാരായ വ്യാപാരികൾ.
അഞ്ചുവർഷമായി തുടരുന്ന ഈ കച്ചവട രീതിയും കാഴ്‌ചകളും ഏറെ ആനന്ദിപ്പിക്കുന്ന ഒന്നാണ്. ഈ വിപണന രീതിയെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. തളിപ്പറമ്പ്, മുയ്യം പറശ്ശിനിക്കടവ് റോഡിലാണ് ഈ കാഴ്‌ച കാണാനാവുക.
ഇവിടെയുള്ള 22 ഓളം വരുന്ന പച്ചക്കറിത്തോട്ടങ്ങളിൽ നൂറോളം കർഷകരാണ് കൃഷി ഇറക്കുന്നത്. ചീര, കക്കിരി, വെള്ളരി, പയർ എന്നിവയെല്ലാം ഈ പാടങ്ങളിൽ സമൃദ്ധമായി വിളയുന്നു. 60 ഓളം കർഷകർ നേരിട്ട് വിപണന രംഗത്തുണ്ട്.
കർഷകർ കുടുംബസമേതം വയലിലെത്തി പാകമായ പച്ചക്കറികൾ വിളവെടുക്കുന്നതാണ് രീതി. പിന്നീട് റോഡരികിൽ തയ്യാറാക്കിയ ചെറിയ കടകളിലായി വിൽപ്പന നടത്തുകയാണ് ചെയ്യുക. ക്ലസ്റ്റർ കമ്മിറ്റികൾ ചേർന്നാണ് പച്ചക്കറികൾക്ക് വിലയിടാക്കുന്നത്.
നഗരത്തിലെ പച്ചക്കറി കടകളെക്കാൾ കുറഞ്ഞ വിലക്കാണ് ഇവിടെ പച്ചക്കറികൾ ലഭിക്കുന്നത്. ഓരോ ദിവസവും പച്ചക്കറികൾ വിളവെടുക്കുന്നത് അനുസരിച്ച് 20 മുതൽ 25 പേരാണ് കച്ചവട രംഗത്തുള്ളത്. ഡിസംബറിൽ തുടങ്ങുന്ന കൃഷി വിഷുക്കാലം വരെ നീളും.
കണ്ണൂർ വിമാനത്താവളത്തിലേക്ക് ഉള്ള റോഡ് ആയതിനാൽ നിരവധി യാത്രക്കാരാണ് ഈ വഴിയോര പച്ചക്കറി കടകളെ ആകർഷിക്കുന്നത്. കൃഷി വകുപ്പും സംസ്ഥാന സർക്കാറും വലിയ രീതിയിലുള്ള പിന്തുണയും ഇവർക്ക് നൽകുന്നുണ്ട്. ജൈവ രീതിയിലുള്ള പച്ചക്കറി ആയതിനാൽ നിരവധി ആവശ്യക്കാരാണ് ഉള്ളത്.