കണ്ണൂർ: പ്രിയ വർഗീസിന്‍റെ നിയമന വിവാദത്തിൽ യോഗ്യത സംബന്ധിച്ച് യുജിസിയോട് വ്യക്തത തേടിയിരുന്നുവെന്നും എന്നാൽ ഇതുവരെയും മറുപടി കിട്ടിയില്ലെന്നും കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രൻ. ഹൈക്കോടതി വിധി പ്രകാരം റിസർച്ച് എക്‌സ്‌പീരിയൻസ് ടീച്ചിങ് എക്‌സ്‌പീരിയൻസ് ആകില്ല. വിധിപ്പകർപ്പ് കിട്ടിയാലേ കൂടുതൽ വ്യക്തത വരികയുള്ളൂ എന്നും ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി.
വിധി നിരവധി അധ്യാപകരെ ബാധിക്കുന്നതാണ്. അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് പ്രൊവിഷണൽ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചത് 2021 ജൂലൈ 19 നാണ്. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടന്നതിന് ശേഷം പ്രിയയോട് കൂടുതൽ സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ ഹാജരാക്കാൻ പറഞ്ഞു. അപേക്ഷകൾ ഒരിക്കൽ കൂടി സ്ക്രീൻ ചെയ്യാനാണ് കോടതി പറഞ്ഞത്.
യുജിസി നിർദേശിച്ച എല്ലാ കാര്യങ്ങളും പാലിച്ചാണ് സർവകലാശാല മുന്നോട്ട് പോയതെന്നും വിസി കൂട്ടിച്ചേർത്തു. കേസിൽ അപ്പീൽ നൽകാൻ സർവകലാശാല ആലോചിക്കുന്നില്ല. ഏറെ പണച്ചെലവുള്ള കാര്യമാണത്. ഷോർട്ട് ലിസ്‌റ്റിലെ മൂന്ന് പേരുടെയും യോഗ്യതകൾ വീണ്ടും പരിശോധിക്കും.
ഹൈക്കോടതി വിധി നടപ്പിലാക്കാതെ വഴിയില്ല. പ്രിൻസിപ്പൽ സ്ഥാനത്തേക്ക് പുതിയ യുജിസി മാർഗനിർദേശം പ്രകാരം അപേക്ഷിക്കുമ്പോൾ പല അധ്യാപകർക്കും ഈ വിധി തിരിച്ചടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.