കണ്ണൂർ കൊട്ടിയൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒന്നാം പ്രതി ഫാദര്‍ റോബിൻ വടക്കുംചേരിക്ക് 20 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും വിധിച്ചു. തലശേരി പോക്സോ കോടതി ജഡ്ജി പി.എൻ വിനോദാണ് വിധി പ്രഖ്യാപിച്ചത്. കള്ളസാക്ഷി പറഞ്ഞതിന് പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും നടപടിയെടുക്കാൻ നിർദേശമുണ്ട്. പെൺകുട്ടിയുടെ സംരക്ഷണം ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറി. കേസിൽ ആറുപ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി എന്നാണ് കേസ്. വിചാരണക്കിടെ പെണ്‍കുട്ടി മൊഴിമാറ്റിയിരുന്നു. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂർത്തി ആയതാണെന്നും കോടതിയിൽ പെണ്‍കുട്ടി പറഞ്ഞിരുന്നു.
റോബിനുള്‍പ്പടെ ഏഴുപ്രതികളാണ് വിചാരണ നേരിട്ടത്. രണ്ടാംപ്രതി കൊട്ടിയൂര്‍ പാലുകാച്ചി നെല്ലിയാനി വീട്ടില്‍ തങ്കമ്മ എന്ന അന്നമ്മ (54), ആറാംപ്രതി മാനന്തവാടി തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്‍റിലെ സിസ്റ്റര്‍ കൊട്ടിയൂര്‍ നെല്ലിയാനി വീട്ടില്‍ ലിസ് മരിയ എന്ന എല്‍സി (35), ഏഴാംപ്രതി ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസ് കോണ്‍വെന്‍റിലെ സിസ്റ്റര്‍ അനീറ്റ (48), എട്ടാംപ്രതി മാനന്തവാടി വൈത്തിരി ഹോളി ഇന്‍ഫന്‍റ് മേരി ഫോണ്ട്ലിങ് ഹോമിലെ സിസ്റ്റര്‍ കോട്ടയം പാലാ മീനച്ചില്‍ നന്തിക്കാട്ട് വീട്ടില്‍ ഒഫീലിയ (73), ഒന്‍പതാം പ്രതി കൊളവയല്‍ സെന്‍റ് ജോര്‍ജ് പള്ളി വികാരിയും വയനാട് ശിശുക്ഷേമസമിതി മുന്‍ ചെയര്‍മാനുമായ കോഴിക്കോട് പെരുവണ്ണാമുഴി ചെമ്പനോട തേരകം ഹൗസില്‍ ഫാ. തോമസ് ജോസഫ് തേരകം (68), പത്താംപ്രതി വയനാട് ശിശുക്ഷേമസമിതി അംഗവും കല്‍പ്പറ്റയിലെ സ്വകാര്യ ആസ്പത്രിയില്‍ ഡോക്ടറുമായ ഇടുക്കി മൂലമറ്റം കളപ്പുരയില്‍ സിസ്റ്റര്‍ ബെറ്റി ജോസ് എന്ന അച്ചാമ്മ ജോസഫ് (71) എന്നിവരെയാണ് വെറുതെ വിട്ടത്.