കണ്ണൂർ: പൗരത്വത്തിന്‍റെ പേരിൽ കേരളത്തെ ഭിന്നിപ്പിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാരും പ്രതിപക്ഷവും ചെയ്യുന്നതെന്ന് കേന്ദ്ര വിദേശകാര്യ പാർലമെന്ററി സഹമന്ത്രി വി. മുരളീധരൻ. ജനങ്ങളിൽ തെറ്റിദ്ധാരണ പടർത്തുന്ന കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും വി. മുരളീധരൻ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം മുപ്പത്തിയേഴാം വാർഷിക സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ ഇന്ന് നടക്കുന്ന സംഭവങ്ങളെല്ലാം വലിയ ആഘോഷമാക്കുകയാണ് സംസ്ഥാനത്തെ മാധ്യമങ്ങളും ജനങ്ങളും ചെയ്യുന്നത്. കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിൽ ബുദ്ധിപരമായി ഔചിത്യം കാണിക്കേണ്ട ആളുകൾ ചരിത്രവുമായി ബന്ധമില്ലാത്ത കാര്യം സംസാരിച്ചതിന് മറുപടി പറഞ്ഞ ഗവർണറെ ആക്രമിക്കുന്ന സമീപനമാണ് ഉണ്ടായതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
വിചാര കേന്ദ്രം സംസ്ഥാന പ്രസിഡന്‍റ് ഡോ. എം. മോഹൻദാസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിചാരകേന്ദ്രം ഡയറക്ടർ പി പരമേശ്വരൻ ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രൊഫ. രാകേശ് സിൻഹ മുഖ്യപ്രഭാഷണം നടത്തി. അഡ്വക്കേറ്റ് കെ ബലറാം പുസ്തക പ്രകാശനം നിർവഹിച്ചു.