കണ്ണൂർ: വിൽപനക്കായി സൂക്ഷിച്ച വൻ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശിയെ പരിയാരം പൊലീസ് പിടികൂടി. പിലാത്തറ ചെറുതാഴം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന രാജേഷ്‌കുമാറാണ് (45) പിടിയിലായത്. ഏഴ് ഇനങ്ങളില്‍പ്പെട്ട രണ്ടായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായാണ് പ്രതി പിടിയിലായത്.
ഇയാള്‍ യുപിയില്‍ നിന്ന് കൊണ്ടുവന്ന് വീട്ടിൽ സംഭരിച്ച് വില്‍പ്പന നടത്തുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച സൂചന. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാള്‍ താമസിക്കുന്ന പിലാത്തറ ഹോപ്പ് റോഡിലെ സ്വകാര്യ ക്വാട്ടേര്‍സില്‍ പരിശോധന നടത്തിയത്. അതിഥി തൊഴിലാളികള്‍ക്കിടയില്‍ മാത്രമാണ് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയിരുന്നത്. പിടിയിലായ രാജേഷ് കുമാർ പഴയങ്ങാടി പാലത്തിന് സമീപത്ത് മുറുക്കാൻ കട നടത്തുന്നുണ്ട്.