കണ്ണൂർ: തളിപ്പറമ്പ് കുറുമാത്തൂരിൽ ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ് പൊലീസ് ചെയ്തു. ചൊറുക്കള മഞ്ചച്ചാൽ സ്വദേശി ബാസിത്ത്(28), ചാണ്ടിക്കരി സ്വദേശി എം പി റാസിഖ് (28)എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ രത്‌നകുമാർ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. ചൊറുക്കള ചാണ്ടിക്കരിയിലെ ബിജെപി പ്രവർത്തകനായ കല്ലക്കുടിയൻ മനോജിനെ വെള്ളാരം പാറയിൽ വെച്ച് നാലംഗസംഘം ആക്രമിക്കുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
ആക്രമണത്തിൽ പരിക്കേറ്റ മനോജിന്‍റെ പരാതിയിൽ കേസിലെ ഒന്നും രണ്ടും പ്രതികളായ എസ്.ഡി.പി.ഐ പ്രവർത്തകരായ മുഹമ്മദ് ഫവാസ്, ഷഹീർ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നും നാലും പ്രതികളായ ബാസിത്തും റാസിഖും സംഭവത്തിനു ശേഷം ഒളിവിലായിരുന്നു. ഇന്നലെ വൈകിട്ടോടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ എസ്ഐ എം.കെ ഗിരീഷ്, എഎസ്ഐമാരായ സത്യൻ, ടി.കെ ഗിരീഷ്, സുരേഷ് കക്കറ എന്നിവർ ചൊറുക്കളയിലെ വീടുകളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.