കണ്ണൂർ: തലശേരിയിൽ വൻ കഞ്ചാവ് വേട്ട. 12.5 കിലോ കഞ്ചാവുമായി രണ്ടുപേരെ തലശേരി പൊലീസ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി സ്വദേശി അനസ് (25), മലപ്പുറം സ്വദേശി നൗഫൽ (26) എന്നിവരാണ് അറസ്റ്റിലായത്.
ആന്ധ്രയിൽ നിന്ന് തലശേരിയിലെത്തിച്ച് വയനാട് സ്വദേശിക്ക് കഞ്ചാവ് കൈമാറാനിരിക്കെയാണ് പ്രതികൾ വലയിലായത്. വൈകിട്ട് മൂന്നരയോടെ തലശേരി സർക്കിൾ ഇൻസ്പെക്‌ടർ സനൽകുമാർ നടത്തിയ പട്രോളിങിനിടെ പുതിയ ബസ് സ്റ്റാൻ്റ് പച്ചക്കറി മാർക്കറ്റിന് സമീപത്ത് വച്ച് ഇരുവരും പിടിയിലാകുകയായിരുന്നു.
ALSO READ: കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി
ആന്ധ്രയിലെ വിജയവാഡയിൽ നിന്നും 6,500 രൂപ വച്ച് 17,000 രൂപയ്ക്കാണ് ഇരുവരും കഞ്ചാവ് വാങ്ങിയത്. നാലും അഞ്ചും ഇരട്ടി ലാഭത്തിനാണ് കഞ്ചാവ് മാഫിയ ഇത് മറിച്ചുവിൽക്കുക. അതേസമയം കഞ്ചാവ് കൈമാറാനിരുന്ന വയനാട് സ്വദേശിയെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കുമെന്ന് സി.ഐ സനൽകുമാർ പറഞ്ഞു. എ.എസ്.ഐമാരായ രാജീവൻ, സഹദേവൻ, സി.പി.ഒമാരായ ശ്രീജേഷ്, സുജേഷ്, നജിമുദ്ദീൻ, സരുൺ, സുമിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.