കണ്ണൂര്‍: റെയിൽവേയ്‌ക്ക് യാത്രക്കാരോട് എന്താണിത്ര വാശി..? ദുരിതം പരമാവധി അനുഭവിക്കട്ടെ എന്നാണോ അവരുടെ മനോഭാവം...! സംശയം ഇല്ലാതില്ല!. വന്ദേ ഭാരതുകൾ എത്രയും വന്നോട്ടെ അതിനൊന്നും യാതൊരു കുഴപ്പവുമില്ല. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വന്ദേ ഭാരത് ട്രെയിനുകള്‍ നിരവധി യാത്രക്കാര്‍ അനുഗ്രഹമായിട്ടുണ്ട്. എന്നാല്‍ സാധാരണക്കാരായ യാത്രക്കാരുടെ ദുരിതത്തിന് ഇതുവരെയും അറുതിയായിട്ടില്ല. ഈ ദുരിതത്തിന് നേരെ റെയിൽവേ അധികൃതർ കണ്‍ തുറന്നേ മതിയാകൂ...
ഉത്തര മലബാറിലേക്കുള്ള ട്രെയിനുകള്‍ക്കായി കണ്ണൂരില്‍ കാത്ത് നില്‍ക്കുക നൂറുകണക്കിന് യാത്രക്കാരാണ്. കണ്ണൂരിലേക്കുള്ള പരശുറാം എക്‌സ്പ്രസ് കോഴിക്കോട് എത്തുന്നത് വൈകീട്ട് 4.25 നാണ്. കോഴിക്കോട് എത്തുന്ന ട്രെയിന്‍ 5.00 മണിക്കാണ് യാത്ര തുടരുക. പ്ലാറ്റ് ഫോമില്‍ നിര്‍ത്തിയിടുന്ന ഏതാനും മിനിറ്റുകള്‍ കൊണ്ട് തന്നെ ട്രെയിനില്‍ കണ്ണൂരിലേക്കും കാസര്‍ക്കോട്ടേക്കുമുള്ള യാത്രക്കാര്‍ നിറയും. വാഗണ്‍ ട്രാജഡിയെ അനുസ്‌മരിപ്പിക്കുന്നതാണ് ഈ കാഴ്‌ച.
തൊട്ട് പിന്നാലെയെത്തുന്ന ട്രെയിനില്‍ പോകാമെന്ന് വിചാരിച്ച് കയറാതിരുന്നാല്‍ പിന്നെ പണിയായി. പിറകെയെത്തുന്നത് നേത്രാവതി എക്‌സ്‌പ്രസാണ്. 5.07ന് കോഴിക്കോടെത്തുന്ന ട്രെയിന്‍ 5.10ന് യാത്ര തുടരും. ഇതിലാകട്ടെ വെറും മൂന്ന് ജനറല്‍ കമ്പാര്‍ട്ടുമെന്‍റുകള്‍ മാത്രമാണുള്ളത്. അതിനുള്ളിലാണെങ്കില്‍ കാലുകുത്താന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥ.
മംഗലാപുരത്തേക്ക് ബസാണ് നല്ലത്: മംഗലാപുരം ഭാഗത്തേക്ക് പോകണമെങ്കില്‍ ബസിനെ ആശ്രയിക്കുന്നതാകും ഉചിതം. അതല്ല ട്രെയിനിനെ പോകൂവെന്നാണെങ്കില്‍ നേത്രാവതി പോയാല്‍ പിന്നെ പുലര്‍ച്ചെ 1.15 നുള്ള വെസ്റ്റ് കോസ്റ്റ് എക്‌സ്‌പ്രസിനായി റെയില്‍വേ സ്റ്റേഷനില്‍ കാത്ത് നില്‍ക്കണം.
ദീര്‍ഘമായ ഈ കാത്തിരിപ്പ് ഒഴിവാക്കാനാണ് വൈകിട്ട് 4 മണി മുതല്‍ 5.10 വരെയുള്ള യാത്രക്കാരുടെ ഈ മരണ പാച്ചിലിന് കാരണം. കണ്ണൂർ ഭാഗത്തേക്കുള്ള യാത്രയിൽ ആയിരക്കണക്കിന് യാത്രക്കാരാണ് പരശുറാമിൽ കയറിപ്പറ്റുന്നത്. ഫ്ലാറ്റ്‌ഫോം നിറഞ്ഞ് കഴിഞ്ഞാൽ പലരും താഴെ ട്രാക്കിൽ ഇറങ്ങി എതിർഭാഗത്ത് നിന്നു കയറുന്നതും പതിവ് കാഴ്‌ചയാണ്. നേത്രാവതിയില്‍ ജനറൽ കോച്ചില് നിറഞ്ഞ് സ്ലീപ്പർ കോച്ചിലും ശൗചാലയത്തിന്‍റെ ഉള്ളിൽ വരെയും യാത്രക്കാരുണ്ടാകും.
ജോലി കഴിഞ്ഞു വരുന്നവരും വിദ്യാർഥികളുമാണ് യാത്രക്കാരില്‍ ഭൂരിഭാഗവും. ലേഡീസ് കോച്ചിലെ അവസ്ഥയാണെങ്കിലും സ്ഥിതി വ്യത്യസ്‌തമല്ല. രാത്രി 9.29ന് കോഴിക്കോട് എത്തുന്ന ആലപ്പുഴ -കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് 11.19നാണ് കണ്ണൂർ എത്തുക. പക്ഷേ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കും. രാത്രി 10:37ന് കോഴിക്കോട് എത്തുന്ന ജനശതാബ്‌ദി എക്‌സ്‌പ്രസ് കണ്ണൂരിലെത്തുന്നത് 12.50 നാണ് അതും കണ്ണൂരിൽ യാത്ര അവസാനിപ്പിക്കും.
ഇരു ട്രെയിനുകളും കാസർക്കോട്ടേക്ക് നീട്ടുക എന്ന യാത്രക്കാരുടെ ആവശ്യം ഇതുവരെയും റെയിൽവേ അംഗീകരിച്ചിട്ടില്ല. ഈ ആവശ്യം റെയിൽവേ അംഗീകരിച്ചാൽ പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് പ്രദേശത്തെ യാത്രക്കാർക്ക് ഏറെ ഉപകാരമാകുന്ന തീരുമാനമാകും. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നാലാം പ്ലാറ്റ്‌ഫോമിനായി ഏറെ കാലമായി മുറവിളികള്‍ ഉയരുന്നുണ്ട്. കൂടാതെ കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനും കാസർകോട് ഉപ്പള റെയിൽവേ സ്റ്റേഷനും സബ് സ്റ്റേഷനാക്കി മെമു സർവീസുകൾ ആരംഭിക്കുക എന്ന തീരുമാനവും എവിടെയും എത്തിയില്ല.
എവിടെ മെമു: യാത്രക്കാർ തിങ്ങി നിറഞ്ഞ് ദുരിത യാത്ര തുടരുമ്പോഴും കേരളത്തിൽ സര്‍വീസ് നടത്തുന്നത് വെറും 10 മെമ്മോ ട്രെയിനുകള്‍ മാത്രമാണ് എന്നതും കൗതുകമാണ്. യാത്ര തിരക്ക് കണക്കിലെടുത്താൽ മെമു സർവീസ് ഏറ്റവും കുറവ് കേരളത്തിലാണ്. തിരുവനന്തപുരം ഡിവിഷനിൽ 9, പാലക്കാട് ഡിവിഷനിൽ 1 എന്നിങ്ങനെയാണ് മെമു സര്‍വീസുള്ളത്. ഇതിൽ അഞ്ചെണ്ണം 12 റേക്കാണ്.
ത്രീ ഫേസ് മെമുവിന്‍റെ വരവ് നിലച്ചതാണ് കേരളത്തിന് വൻ തിരിച്ചടിയായത്. തകരാറിലായ വണ്ടിക്ക് പകരം ഓടിക്കാൻ പോലും ഇപ്പോൾ റാക്കില്ല. നിലവിൽ ഷൊർണൂർ -മംഗളൂരു 307 കിലോമീറ്റർ റൂട്ടിൽ മെമു സർവീസ് ഇല്ല. ഷൊർണൂരിൽ നിന്നുള്ള ഒരു മെമു കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്നു. കണ്ണൂർ-മാംഗ്ലൂർ 132 കിലോമീറ്റർ നേരത്തെ ഉണ്ടായിരുന്ന മെമു നിലവില്‍ സര്‍വീസ് നടത്തുള്ള സര്‍വീസ് ഇപ്പോള്‍ ഇല്ല. കേരളത്തിലെ ചെറു ദൂര യാത്രയ്ക്ക് ഏറ്റവും ആവശ്യം മെമു ആണെന്ന് മെട്രോമാൻ ഇ ശ്രീധരനടക്കം ചൂണ്ടിക്കാട്ടുമ്പോഴാണ് മെമുവിന്‍റെ മുടക്കം.
പാലക്കാട് മെമു ഷെഡ്‌ഡിന് കീഴിൽ 6 മെമു റാക്കുകളുണ്ട്. എല്ലാം എട്ടു കോച്ചുകളാണ്. 5 റൂട്ടുകളിലായാണ് ഇവയുടെ സര്‍വീസ്. ഒന്ന് അധിക വണ്ടിയായും ഉപയോഗിക്കുന്നുണ്ട്. പാലക്കാട് -എറണാകുളം -പാലക്കാട് സർവീസ് മാത്രമാണ് പൂർണമായും കേരളത്തിൽ ഓടുന്നത്. പാലക്കാട് -കോയമ്പത്തൂർ, കോയമ്പത്തൂർ -ഷൊർണൂർ റൂട്ടും പാതി ഉപകരിക്കുന്നു. മറ്റു രണ്ടു സർവീസ് തമിഴ്‌നാട്ടിലൂടെയാണ്.
നിലവിൽ ഒരു അധിക വണ്ടിയുണ്ട്. അതുകൊണ്ട് പാലക്കാട് എറണാകുളം മെമു ഷെഡിൽ കയറ്റിയാലും ചൊവ്വാഴ്‌ച സര്‍വീസ് നടത്താന്‍ പകരം ട്രെയിനുണ്ടാകും. എന്നാൽ പകരമുള്ള ട്രെയിന്‍ സര്‍വീസ് നടത്താനുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നതാണ് വാസ്‌തവം.